മാരകബാക്ടീരിയ ബാധ വേറിട്ട ചികിത്സയിലൂടെ ഭേദമാക്കിയ മലയാളി ഡോക്ടർക്കും സംഘത്തിനും അംഗീകാരം

മാരകബാക്ടീരിയ ബാധ വേറിട്ട ചികിത്സയിലൂടെ ഭേദമാക്കിയ മലയാളി ഡോക്ടർക്കും സംഘത്തിനും അംഗീകാരം
ShibilZain
Published on

അവയവങ്ങളുടെ പ്രവർത്തനം ഇല്ലാതാക്കി ശ്വസന വ്യവസ്ഥയെ തകർക്കുന്ന മാരക ബാക്ടീരിയ ബാധയ്ക്കെതിരെ വിജയകരമായ ചികിത്സാ രീതികണ്ടെത്തിയ മലയാളി ഡോക്ടർക്കും സംഘത്തിനും രാജ്യാന്തര അംഗീകാരം. സെപാസിയ സിൻഡ്രോം എന്ന ഗുരുതര രോഗബാധയിൽ നിന്ന് ഗോവ സ്വദേശിയായ നിതേഷ് സദാനന്ദ് മഡ്‌ഗോക്കറെ രക്ഷപ്പെടുത്താന്‍ ഡോ. നിയാസ് ഖാലിദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന ക്ലിനിക്കൽ നടപടി ക്രമങ്ങള്‍ ഇന്റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് പ്രസിദ്ധീകരിച്ചു. 75 % മരണനിരക്കുള്ള ബാക്ടീരിയ ബാധയ്ക്ക് ഡോ. നിയാസ് പിന്തുടർന്ന ചികിത്സാരീതി ഇതിനകം തന്നെ മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ വർഷം അവസാനമാണ് അണുബാധയുടെ ലക്ഷണങ്ങളോടെ നിതേഷിനെ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നത്. ബുർഖോൾഡേറിയ സെപാസിയ കോംപ്ലക്സ് (ബിസിസി) എന്ന ബാക്ടീരിയ കാരണമുള്ള അണുബാധ നിതീഷിന്‍റെ നില ഗുരുതരമാക്കി. സിസ്റ്റിക് ഫൈബ്രോസിസ് രോഗബാധയുള്ളവരിലാണ് സാധാരണ ഈ അണുബാധയുണ്ടാകാറ്. എന്നാൽ സിസ്റ്റിക് ഫൈബ്രോസിസ് ബാധിതനല്ലാത്ത നിതേഷിന് ബാക്ടീരിയ ബാധയുണ്ടായത് ചികിത്സാ നടപടികൾ കൂടുതൽ സങ്കീർണ്ണമാക്കി. എന്നാൽ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഇന്‍റേണല്‍ മെഡിസിൻ സ്പെഷ്യലിസ്റ്റായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഡോ. നിയാസ് ഖാലിദിന്‍റെ ചികിത്സയെ തുടർന്ന് 54 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം നിതേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

സെപാസിയ സിൻഡ്രോം സ്ഥിരീകരിച്ചാൽ പിന്തുടരേണ്ട ക്ലിനിക്കൽ മാനേജ്‌മെന്‍റ് രീതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നതായിരുന്നു ഡോ. നിയാസിനും മെഡിക്കൽ സംഘത്തിനും മുന്നിലുള്ള വെല്ലുവിളി. ഇതേതുടർന്ന് രക്തത്തിലേക് നേരിട്ടും മൂക്കിലൂടെയും നൽകുന്ന ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സാരീതി ഡോക്ടർ പിന്തുടരുകയായിരുന്നു.

ചികിത്സാ രീതികളും രോഗിയെ പരിചരിക്കേണ്ടതിനുള്ള നടപടിക്രമങ്ങളും ബിസിസി അണുബാധയ്ക് പൊതുവായും നോൺ-സിസ്റ്റിക് ഫൈബ്രോസിസ് കേസുകൾക്ക് പ്രത്യേകമായും ലഭ്യമല്ല. തങ്ങള്‍ പിന്തുടർന്ന രീതിയിലൂടെ എട്ടാഴ്ച്ചയ്ക്കകം രോഗിക്ക് അപകടനില തരണം ചെയ്യാനായി. ഇത്തരം കേസുകൾ ലോകത്തെവിടെയുണ്ടായാലും റഫററൻസ് എന്നനിലയിലാണ് ഈ കേസ് കൈകാര്യം ചെയ്ത രീതി ഇന്‍റർനാഷണല്‍ ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് പ്രസിദ്ധീകരിച്ചത്," ഡോ. നിയാസ് പറഞ്ഞു.

ഗവേഷകർക്കും പകർച്ചവ്യാധി വിദഗ്ദർക്കും ഇടയിൽ ശ്രദ്ധേയമായ ജേർണലിൻറെ ഈ മാസത്തെ എഡിഷനിലാണ് അബുദാബിയിലെ ഡോക്ടർമാർ പിന്തുടർന്ന ചിത്സാരീതി പ്രസിദ്ധീകരിച്ചത്.

ShibilZain

ഡോ. ജോർജി കോശി, ഡോ. സീമ ഉമ്മൻ, ഡോ. ശ്രേയ വെമുറി, ഡോ. ദിമ ഇബ്രാഹിം, , ഡോ.സുധാകർ വി.റെഡ്ഡപ്പ, ഡോ.മുഹമ്മദ് ഷോയിബ് നദാഫ്, ഡോ.രാജ മുഹമ്മദ് ഇർഫാൻ, ഡോ.നിക്കോളാസ് വയോൺ, ഡോ.മുഹമ്മദ് സെക്കി അഹമ്മദ്, ഡോ.സുപ്രിയ സുന്ദരം എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.

തനിക്ക് യുഎഇയിൽ ലഭിച്ച നിർണായക പരിചരണത്തിന്‍റെ തെളിവാണ് അന്താരാഷ്‌ട്ര ശ്രദ്ധനേടിയ റിപ്പോർട്ടെന്നും ഗുരുതര രോഗത്തിൽ നിന്ന് മോചിതനാകാൻ സഹായിച്ച ഡോക്ടർ നിയാസിനും സംഘത്തിനും നന്ദിയുണ്ടെന്നും ആരോഗ്യ നില മെച്ചപ്പെട്ട് അബുദാബിയിൽ ജോലിയിൽ പ്രവേശിച്ച നിതേഷ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in