മരൂഭൂഅതിജീവനത്തിന്‍റെ കഥപറ‍ഞ്ഞ് 'രാസ്ത',ജിസിസിയില്‍ ജനുവരി നാലിന് റിലീസ്

മരൂഭൂഅതിജീവനത്തിന്‍റെ കഥപറ‍ഞ്ഞ് 'രാസ്ത',ജിസിസിയില്‍ ജനുവരി നാലിന്  റിലീസ്
Published on

ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ ഒമാനിലെ റൂബ് അല്‍ ഖാലി മരൂഭൂമിയില്‍ നടന്ന സംഭവകഥയെ ആസ്പദമാക്കി സംവിധായകന്‍ അനീഷ് അന്‍വർ ഒരുക്കിയ രാസ്ത വ്യാഴാഴ്ച (ജനുവരി 4) ജിസിസിയിലെ തിയറ്റുകളിലെത്തും. സാധാരണ പ്രവാസ സിനിമകളില്‍ പ്രവാസികളുടെ ഒറ്റപ്പെടലടക്കമുളള പ്രവാസ അനുഭവങ്ങളാണ് പറയുന്നതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാണ് രാസ്ത പറയുന്നതെന്ന് സംവിധായകന്‍ അനീഷ് അന്‍വർ പറഞ്ഞു.എഴുത്തുകാരായ ഷാഹുലും ഫായിസ് മടക്കരയും ഒമാനില്‍ കണ്ട ജീവിതങ്ങളാണ് സിനിമയ്ക്ക് ആധാരം. ആടുജീവിതവുമായി സിനിമയ്ക്ക് സാമ്യതയില്ല.എന്നാല്‍ മരുഭൂ അതിജീവനത്തിന്‍റെ കഥതന്നെയാണ് രാസ്ത പറയുന്നതെന്നും അദ്ദേഹം ദുബായില്‍ വാർത്താസമ്മേളത്തില്‍ പറഞ്ഞു.

യാദൃശ്ചികമായാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്ന് സര്‍ജാനോ ഖാലിദ് പറഞ്ഞു. ഓരോ സിനിമയും പ്രധാനപ്പെട്ടതായി തന്നെയാണ് കാണുന്നത്. കരിയറില്‍ ബ്രേക്കാകുമോ കഥാപാത്രമെന്നത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും സർജാനോ ഖാലിദ് പറഞ്ഞു. 45 ദിവസം ഒമാന്‍ മരുഭൂമിയിലാണ് ചിത്രീകരണം നടന്നത്. പൂർണമായും ഒമാനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാണ് രാസ്തയെന്ന് നിർമ്മാതാവ് ലിനു ശ്രീനിവാസ് പറഞ്ഞു.

പ്രധാനകഥാപാത്രമായി എത്തുന്ന സർജാനോ ഖാലിദും നിർമ്മാതാവായ ലിനു ശ്രീനിവാസും താനുമടക്കമുളളവർ പ്രവാസ അനുഭവങ്ങളുളളവരാണെന്നും അത് സിനിമയ്ക്ക് ഗുണമായെന്നും അദ്ദേഹം പറഞ്ഞു. ചെറിയ സിനിമകള്‍ ഒടിടിയില്‍ വരുമ്പോള്‍ കാണാമെന്ന മനോഭാവം മാറണം. രാസ്ത ഒരു ചെറിയ സിനിമയാണ്. എന്നാല്‍ തിയറ്റർ അനുഭവം ആവശ്യമുളള പ്രേക്ഷകരെ നിരാശപ്പെടുത്താത്ത സിനിമയാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ജാനോ ഖാലിദിനു പുറമെ, അനഘ നാരായണന്‍, ആരാധ്യ.ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി രവി, അനീഷ് അന്‍വര്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്‌റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍കി എന്നിവരും ഭാഗമായിട്ടുണ്ട്. ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം തയാറാക്കിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. അവിന്‍ മോഹന്‍ സിതാരയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തില്‍ 100 ഓളം തിയറ്ററുകളിലും ജിസിസിയിലെ യുഎഇ,ഒമാന്‍,ബഹ്റൈന്‍,ഖത്തർ എന്നീ രാജ്യങ്ങളിലെ 45 ഓളം തിയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ബി.കെ. ഹരി നാരായണന്‍, അന്‍വര്‍ അലി, ആര്‍. വേണുഗോപാല്‍ എന്നിവരുടെ വരികളില്‍ വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര എന്നിവര്‍ ഗാനങ്ങളാലപിച്ചിരിക്കുന്നു. ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ അനീഷ് അന്‍വര്‍, പ്രധാന നടന്‍ സര്‍ജാനോ ഖാലിദ്, നിര്‍മാതാവ് ലിനു ശ്രീനിവാസ്, മുനീര്‍ അല്‍ വഫ (മലയാളി ബിസിനസ് ഡോട് കോം) എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in