കോപ് 33 യ്ക്ക് ആതിഥ്യമരുളാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യ

കോപ് 33 യ്ക്ക് ആതിഥ്യമരുളാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യ
Published on

2028 ല്‍ നടക്കാനിരിക്കുന്ന കോപ് 33 യ്ക്ക് ആതിഥ്യമരുളാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയില്‍ നടക്കുന്ന കോപ് 28 ല്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോള താപനത്തെ നേരിടാനുളള ഗ്രീന്‍ ക്രെഡിറ്റ് ഇനീഷ്യേറ്റീവിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും സന്തുലിതമായി കൊണ്ടുപോകുന്നതില്‍ ഇന്ത്യ മാതൃകയാണ്. കാലാവസ്ഥ വ്യതിയാനം ചെറുക്കാനുളള പ്രവർത്തനങ്ങള്‍ക്കായി ഐക്യത്തോടെ മുന്നോട്ടുപോകണം.2030 ഓടെ കാർബണ്‍ പുറന്തള്ളൽ തീവ്രത 45 ശതമാനം കുറയ്ക്കുകയും ഫോസിൽ ഇതര ഇന്ധനത്തിന്‍റെ വിഹിതം 50 ശതമാനമായി ഉയർത്തുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2070 ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തുമെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങൾ 2050 ഓടെ കാർബൺ കാൽപ്പാടുകളുടെ തീവ്രത പൂർണ്ണമായും കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തി. പലസ്തീന്‍ വിഷയം കൂടികാഴ്ചയില്‍ ചർച്ചയായി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായുളള കൂടികാഴ്ചകള്‍ എപ്പോഴും സന്തോഷം നല്‍കുന്നതാണെന്ന് പിന്നീട് നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുളള സൗഹൃദത്തെ കുറിച്ചും സുസ്ഥിരതയുടെ പ്രധാന്യത്തെ കുറിച്ചും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ പ്രസിഡന്‍റുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ദ്വിരാഷ്ട്ര പ്രശ്നപരിഹാരത്തിന് ഇന്ത്യ പിന്തുണ നല്‍കും. മാനുഷിക സഹായം തുടരണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ഇസാക് ഹെർസോഗിനെ അറിയിച്ചു. ജോർദ്ദാന്‍ രാജാവ് അബ്ദുളള രണ്ടാമന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍, യുകെ പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടികാഴ്ച നടത്തി. കൂടികാഴ്ചകളും പരിപാടികളും പൂർത്തിയാക്കി വെളളിയാഴ്ച രാത്രിയോടെ മോദി ഇന്ത്യയിലേക്ക് മടങ്ങി.

Related Stories

No stories found.
logo
The Cue
www.thecue.in