ചരിത്ര സന്ദർശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, മാർപാപ്പ നാളെ ബഹ്റൈനില്‍

ചരിത്ര സന്ദർശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, മാർപാപ്പ നാളെ ബഹ്റൈനില്‍
Published on

ആദ്യമായി ബഹ്റൈനില്‍ സന്ദർശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാർപാപ്പയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂർത്തിയായി. നാളെ വൈകീട്ട് 4.45 ന് സഖീർ എയർബേസിലാണ് മാർപാപ്പ എത്തിച്ചേരുക. അദ്ദേഹത്തെ ബഹ്റൈന്‍ ഔദ്യോഗികമായി സ്വീകരിക്കും. 5.30 ന് സഖീർ പാലസില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കൂടികാഴ്ച നടത്തും. 6.10 ന് സഖീർ പാലസിലെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. ബഹ്റൈന്‍ അധികാരികള്‍ സിവില്‍ സൊസൈറ്റി, നയതന്ത്ര സേന അധികൃതർ എന്നിവരുമായി കൂടികാഴ്ച നടത്തും.

വെള്ളിയാഴ്ചയാണ് കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്‍റെ സമാപന ചടങ്ങ്. സഖീർ റോയല്‍ പാലസ് അല്‍ ഫിദ സ്ക്വയറില്‍ നടക്കുന്ന ഈ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് നാലിന് അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും..അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യയില്‍ സമാധാന പ്രാർത്ഥനയും മാർപാപ്പയുടെ നേതൃത്വത്തില്‍ നടക്കും.

ശനിയാഴ്ച രാവിലെ 8.30ന് ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും.കുർബാനയിൽ പങ്കെടുക്കാനായി bahrainpapalvisit.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ. പൊതു കുർബാനയില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന്‍ ഇരുപതിനായിരം കവിഞ്ഞുവെന്നാണ് റിപ്പോർട്ട്.

വൈകീട്ട് അഞ്ച് മണിക്ക് സേക്രഡ് ഹാർട്ട് സ്കൂളില്‍ യുവജനങ്ങളുമായി കൂടികാഴ്ച നടത്തും.ഞായറാഴ്ച രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിത വ്യക്തികൾ, സെമിനാരികൾ, എന്നിവരുമായുള്ള പ്രാർത്ഥനാ യോഗത്തോടെ ഔദ്യോഗിക പരിപാടികള്‍ പൂർത്തിയാകും. വൈകീട്ട് 5 മണിയോടെ മാർപാപ്പ റോമിലേക്ക് തിരിക്കും.

2013 മാര്‍ച്ച് 13 ന് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശന പരമ്പരയിലെ ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്രതലത്തില്‍ 58-ാമത്തെ രാജ്യവുമാണ് ബഹ്‌റൈന്‍.

Related Stories

No stories found.
logo
The Cue
www.thecue.in