ബാലസാഹിത്യത്തിന് ലോകത്തെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്: ശോഭ തരൂർ

 Shobha Tharoor
Shobha Tharoor
Published on

പുസ്തകങ്ങളും കവിതകളുമെല്ലാം ചർച്ചകളിലേക്കുളള സ്പ്രിംഗ് ബോർഡുകളാണെന്ന് എഴുത്തുകാരി ശോഭ തരൂർ. ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവർ. കുട്ടികള്‍ വായിക്കുമ്പോള്‍ സ്വയം ചിന്തിക്കുന്നു. നമുക്കു ചുറ്റുമുളള കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാകുന്നുവെന്നും അവർ പറഞ്ഞു. കൊമ്പുകളില്ലാത്ത ഒരു പെൺ ആന ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന പ്രധാന ദിവസം, അതാണ് പാർവതി ദ എലിഫൻ്റ്സ് വെരിയെന്ന പുസ്തകത്തിന്‍റെ ഉളളടക്കം.അതിലൂടെ പറയാന്‍ ശ്രമിച്ചത് സുരക്ഷ, ലിംഗസമത്വം, സംരക്ഷണം, സഹജീവികള്‍ അങ്ങനെയെല്ലാമാണ്. അത്തരം ചർച്ചകള്‍ ഉയർന്നുവരണമെന്നും അവർ പറഞ്ഞു. പരസ്പരാശ്രിതമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ലോകം വേദനിക്കുന്നുണ്ട്.ആ ലോകത്തെ നാം ഉപകേഷിക്കരുത്. അക്ഷരങ്ങളിലൂടെ, വാക്കുകളിലൂടെ, കവിതകളിലൂടെ പ്രശ്നങ്ങളെ ജനകീയമാക്കണം. സുഖപ്പെടുത്തണം.ശോഭ തരൂർ പറഞ്ഞു.

 Djellouli Laid
Djellouli Laid

പുതുമ നഷ്ടപ്പെടാതെ എങ്ങനെ ബാലസാഹിത്യത്തെ മുന്നോട്ടുകൊണ്ടുപോകാമെന്നതും സെമിനാറില്‍ ചർച്ചയായി. കുട്ടികളുടെ കവിതയിൽ ലാളിത്യത്തിൻ്റെയും ഭാവനയുടെയും പ്രാധാന്യം ഓർമ്മപ്പെടുത്തിയാണ് അൾജീരിയയിലെ ഔർഗ്ലയിലെ കാസ്ദി മെർബ സർവകലാശാലയിൽ കുട്ടികൾക്കായി അറബി സാഹിത്യം പഠിപ്പിക്കുന്ന ഡോ. ജെല്ലൂലി ലെയ്ഡ് സംസാരിച്ചത്.ലളിതമായിരിക്കണം ഭാഷ. കുഞ്ഞു മനസുകളെ ആകർഷിക്കണം. ഭാവനയിലൂടെ ലോകത്തെ കാണാനും സഞ്ചരിക്കാനും വായനക്കാരന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലോകം ഇന്ന് യുദ്ധങ്ങള്‍ ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു.എഴുത്തല്ലാതെ ഇതിന് പരിഹാരമില്ലെന്നാണ് തനിക്ക് തോന്നുന്നത്. കൂടുതൽ കുട്ടികളുടെ കവിതകൾ ലോകത്തിലേക്ക് കൊണ്ടുവരാൻ പ്രസിദ്ധീകരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ കവിതയിലെ പ്രമേയങ്ങളുടെയും രൂപങ്ങളുടെയും പങ്കിനെ കുറിച്ചും ശോഭ തരൂർ സംവദിച്ചു. എത്രത്തോളം കവിതകള്‍ വായിക്കുന്നുവോ അത്രത്തോളം പ്രസിദ്ധീകരിക്കപ്പെടുമെന്നും അവർ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തില്‍ മാധ്യമപ്രവർത്തകയായ മാനിയ സുവൈദായിരുന്നു മോഡറേറ്റർ.

Related Stories

No stories found.
logo
The Cue
www.thecue.in