ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും. ജർമ്മനിയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് അദ്ദേഹം യുഎഇയിലെത്തുന്നത്. യുഎഇ രാഷ്ട്രപതിയായ ചുമതലയേറ്റെടുത്ത ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കും. അതോടൊപ്പം രാഷ്ട്ര നേതാവ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്യും.ഇന്ന് രാത്രിയോടെ തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.
2019 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി യുഎഇയില്‍ സന്ദർശനം നടത്തിയത്. സമഗ്രസാമ്പത്തിക കരാർ ഒപ്പുവച്ചതിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദി യുഎഇയില്‍ എത്തുന്നത്. കരാറുമായി ബന്ധപ്പെട്ടുളള തുടർ നടപടികള്‍ പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തില്‍ ചർച്ച ചെയ്തേക്കും. കഴിഞ്ഞ സന്ദർശനത്തില്‍ യുഎഇയുടെ പരമോന്നത പുരസ്കാരമായ ഓർഡർ ഓഫ് സായിദ് അദ്ദേഹം ഷെയ്ഖ് മുഹമ്മദില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.
കോവിഡ് കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണവും, യാത്രയുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ യുഎഇ എടുത്ത നിലപാടുകള്‍ ഇതെല്ലാം കഴിഞ്ഞകാലഘട്ടങ്ങളില്‍ ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റ് ജിസിസി രാജ്യങ്ങളെന്ന പോലെ യുഎഇയും ശക്തമായ നിലപാട് എടുത്തിരുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനത്തിന് അത്തരത്തിലും വലിയ പ്രധാന്യമുണ്ട്.