യുഎഇ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി

യുഎഇ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി
Published on

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദബിയില്‍ കൂടികാഴ്ച നടത്തി. യുഎഇ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണെന്ന് അദ്ദേഹം പറഞ്ഞു. താങ്കളുടെ ദീർഘ വീക്ഷണവും കാഴ്ചപ്പാടും ഇന്ത്യ യുഎഇ ബന്ധത്തിലെ ഏറ്റവും വലിയ സമ്പത്താണെന്നും മോദി ഷെയ്ഖ് മുഹമ്മദിനോട് പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മില്‍ പ്രാദേശിക കറന്‍സികളില്‍ വ്യാപാരവിനിമയം നടത്തുന്നതടക്കമുളള കാര്യങ്ങളില്‍ ചർച്ചകള്‍ നടന്നു. പ്രാദേശിക കറന്‍സികളില്‍ വ്യാപാരവിനിമയം നടത്തുന്നത് ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കും.സെപാ നിലവില്‍ വന്നതിന് ശേഷം ഇന്ത്യ-യുഎഇ വ്യാപാരത്തില്‍ 20 ശതമാനം വർദ്ധനവുണ്ടായെന്നും മോദി വിലയിരുത്തി. അബുദബിയിലെ ഖസർ അല്‍ വതനില്‍ വച്ചായിരുന്നു പ്രസിഡന്‍റുമായുളള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടികാഴ്ച നടന്നത്. യുഎഇ ആതിഥ്യം വഹിക്കുന്ന കോപ് 28 ന് ഇന്ത്യയുടെ പൂർണപിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.

ശനിയാഴ്ച രാവിലെ 9.41 ഓടെയാണ് നരേന്ദ്രമോദി അബുദബിയിലെത്തിയത്. അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുളള കൂടികാഴ്ചയ്ക്ക് അബുദബി പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയ മോദിയെ ത്രിവർണ പതാകയേന്തിയ കുട്ടികളാണ് സ്വീകരിച്ചത്. രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദ‍ർശനത്തിന് ശേഷമാണ് നരേന്ദ്രമോദി യുഎഇയിലെത്തിയത്.ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇ ഔദ്യോഗികമായി ക്ഷണിക്കാനും കൂടിയാണ് മോദി യുഎഇയിലെത്തിയത്. സന്ദർശനം പൂർത്തിയാക്കി വൈകീട്ടോടെ മോദി ഇന്ത്യയിലേക്ക് മടങ്ങും.

Related Stories

No stories found.
logo
The Cue
www.thecue.in