സൗദി സന്ദർശനം പൂർത്തിയാക്കി പീയൂഷ് ഗോയല്‍ മടങ്ങി

സൗദി സന്ദർശനം പൂർത്തിയാക്കി പീയൂഷ് ഗോയല്‍ മടങ്ങി
Published on

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പീയൂഷ് ഗോയല്‍ സന്ദർശനം പൂർത്തിയാക്കി മടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍ പുതിയ സാധ്യതകള്‍ മന്ത്രിയുടെ സന്ദർശനത്തില്‍ ചർച്ചയായി. ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന സാമ്പത്തിക നിക്ഷേപ സമിതിയുടെ മന്ത്രിതലയോഗത്തില്‍ പങ്കെടുക്കാനായാണ് മന്ത്രി സൗദി അറേബ്യയിലെത്തിയത്. സൗദി ഊർജ്ജമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും മന്ത്രി പീയൂഷ് ഗോയലും കൂടികാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ പദ്ധതികളെ കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചുവെന്നാണ് വിവരം.

ഊര്‍ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊർജ്ജം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു.വ്യവസായ പ്രമുഖരുടെ യോഗത്തിലും മന്ത്രി സംബന്ധിച്ചു വ്യാപാര നിക്ഷേപ രംഗത്തെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.ഞായറാഴ്ചയാണ് മന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തിയത്. തുടര്‍ന്ന് സൗദി വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി, റോയല്‍ കമ്മീഷന്‍ ഓഫ് ജുബൈല്‍ ആന്‍ഡ് യാമ്പു പ്രസിഡന്‍റ് ഖാലിദ് അല്‍സാലിം എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ലുലു ഹൈപര്‍മാര്‍ക്കറ്റിൽ ഇന്ത്യന്‍ ഉത്സവ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു

ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉല്‍സവ് കാമ്പയിന്‍ പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.2023 മുതല്‍ ഇന്ത്യന്‍ ധാന്യമായ തിനയുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിവിധ തരം തിനകളും ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രൊമോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക കാമ്പയിനും മന്ത്രി ഉദ്ഘാടനം ചെയ്തു.

റിയാദ് മുറബ്ബ അവ്യന്യൂ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, എംബസ്സി ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

പതിനായിരത്തോളം ഇന്ത്യന്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ ഈ പ്രദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയ ഇന്ത്യ ദി ഫുഡ് ബാസ്‌കറ്റ് ഓഫ് ദ വേള്‍ഡ് എന്ന വലിയ പ്രദര്‍ശന മതിലിന്‍റെ ചിത്രം മന്ത്രി ട്വീറ്റ് ചെയ്യുകയും അത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.ഇന്ത്യയടെയും സൗദി അറേബ്യയുടെയും സാമ്പത്തിക ലക്ഷ്യങ്ങളുമായും ഉഭയകക്ഷി ഊഷ്മളതയുമായും ചേര്‍ന്നു നില്‍ക്കുന്നതാണ് ലുലുവിന്‍റെ വീക്ഷണവും വികസനവുമെന്ന് എം.എ യൂസഫലി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in