കുറഞ്ഞ ഫീസില്‍ ബ്രിട്ടീഷ് കരിക്കുലത്തില്‍ പുതിയ സ്കൂള്‍ ആരംഭിച്ച് പേസ് ഗ്രൂപ്പ്. അജ്മാന് ഷെയ്ഖ് അമ്മാർ റോഡ് സിറ്റി ലൈഫ് മാളിന് പുറകില്‍ അല്‍ തല്ലാഹ് സ്കൂള്‍ സോണിലാണ് സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്. വർഷത്തില്‍ 8900 ദിർഹത്തില്‍ പഠനം സാധ്യമാകുമെന്നുളളതാണ് പ്രധാന പ്രത്യേകത യുഎഇയില്‍ പേസ് ഗ്രൂപ്പിന് കീഴില്‍ ആരംഭിക്കുന്ന ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന നാലാമത്തെ സ്കൂളാണ് ഇത്. കുറഞ്ഞ ഫീസ് ഘടനയില്‍ ബ്രിട്ടീഷ് കരിക്കുലത്തില്‍ പഠനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേസ് ക്രിയേറ്റീവ് സ്കൂള്‍ ആരംഭിച്ചതെന്ന് പേസ് ഗ്രൂപ്പ് സ്ഥാപകചെയർമാനായ പി എ ഇബ്രാഹിം ഹാജിയുടെ മകനും ഗ്രൂപ്പ് ഡയറക്ടറുമായ സല്മാന് ഇബ്രാഹിം പറഞ്ഞു. 55 ലധികം രാജ്യങ്ങളിലെ 25,000 ലധികം വിദ്യാർത്ഥികളാണ് പേസ് ഗ്രൂപ്പിന്റെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നത്. 2500 ലധികം അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.
പുതിയ സ്കൂളില്‍ 3000 കുട്ടികള്‍ക്കാണ് പഠന സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. എക്സ്ട്രാ കരിക്കുലർ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീന്തല്‍ അടക്കമുളളവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ കെ ജി മുതല്‍ ആറാം തരം വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. പിന്നീട് ഘട്ടം ഘട്ടമായി ക്ലാസുകള്‍ ഉയർത്തും.
പരമ്പരാഗത പാഠപുസ്തക പഠന രീതികളില്‍ നിന്ന് മാറി വിദ്യാഭ്യാസത്തിന്റെ മറ്റ് തലങ്ങളിലേക്ക് കൂടി കുട്ടികളെ എത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. കഴിവിനെ പരിഗണിക്കാതെ എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുമെന്നും ഡയറക്ടർ സുബൈർ ഇബ്രാഹിം പറഞ്ഞു. പേസ് ഗ്രൂപ് ചീഫ് അക്കാദമിക് ഓഫിസർ കീത്ത് മാർഷ്, ഡയറക്ടർമാരായ അമിൻ ഇബ്രാഹീം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, അസീഫ് മുഹമ്മദ്, പേസ് ക്രിയേറ്റിവ് ബ്രിട്ടീഷ് സ്കൂൾ പ്രിൻസിപ്പൽ ലോറൻസ്, ലൈസൻ മാനേജർ ഹാഷിം സൈനുൽ ആബിദീൻ, ഓപറേഷൻസ് മാനേജർ മർശദ് സുലൈമാൻ എന്നിവർ വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.