രാജ്യത്ത് സ്വദേശി വല്‍ക്കരണം വീണ്ടും ശക്തമാക്കി ഒമാന്‍. 207 തസ്തികളില്‍ പ്രവാസികള്‍ക്ക് ജോലിചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ ആണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്.എന്നാല്‍ തീരുമാനം എന്നുമുതലാണ് പ്രാബല്യത്തിലാവുകയെന്ന് വ്യക്തമല്ല. നിലവില്‍ ഈ തസ്തികകളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരുടെ വിസാ കാലാവധി അവസാനിച്ചാല്‍ പുതുക്കി നല്‍കുമോയെന്ന് വ്യക്തമല്ല.
സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച സുപ്രധാന മേഖലകള്‍
ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടർ, റിക്രൂട്ട്മെന്‍റ് ഡയറക്ടർ, പേഴ്സണല്‍ ഡയറക്ടർ, പബ്ലിക് റിലേഷന്‍സ് ഡയറക്ടർ,ഫില്ലിംഗ് സ്റ്റേഷന്‍ ഡയറക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍, ഡെപ്യൂട്ടി ഡയറക്ടർ, ട്രെയിനിംഗ് സൂപ്പർവൈസർ,അസിസ്റ്റന്‍റ് ജനറല്‍ ഡയറക്ടർ,ലീഗല്‍ ക്ലർക്ക്,സ്റ്റോർ സൂപ്പർവൈസർ, എച്ച് ആർ ടെക്നീഷ്യന്‍,സിസ്റ്റംസ് അനാലിസിസ് ടെക്നീഷ്യന്‍,കസ്റ്റംസ് ക്ലർക്ക്, ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടർ
അതേസമയം, റിസപ്ഷനിസ്റ്റ്, പലചരക്ക് വ്യാപാരം, മധുരപലഹാരവ്യാപാരം, സുഗന്ധദ്രവ്യവില്‍പന, ടൂർഗൈഡ്,റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ, വെഹിക്കിള്‍ ഇന്‍ഷുറന്‍സ് ബ്രോക്കർ തുടങ്ങിയ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. 2022 ന്‍റെ ആദ്യ ആറ് മാസങ്ങളില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 23271 പേർ ജോലിയില്‍ പ്രവേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.