ഒമാനില്‍ തൊഴില്‍ നിയമത്തില്‍ സമഗ്രമാറ്റം

ഒമാനില്‍ തൊഴില്‍ നിയമത്തില്‍ സമഗ്രമാറ്റം
Published on

ഒമാനില്‍ തൊഴില്‍ നിയത്തില്‍ സമഗ്രമാറ്റം.രാജ്യത്ത് ജോലി ചെയ്യുന്നവരുടെ അവധി, ശമ്പളം,കരാർ നിയമങ്ങള്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതാണ് പുതിയ നിയമം.ഒമാന്‍ വിഷന്‍ 2040 ന് അനുസൃതമായാണ് സമഗ്രമാറ്റം ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചത്. എട്ട് മണിക്കൂറാണ് ജോലി സമയം. വിശ്രമവേളയുടെ സമയം കണക്കുകൂട്ടാതെയാണ് ഇത്. രാത്രി ജോലി ചെയ്യാന്‍ ആരോഗ്യകരമായ പ്രശ്നങ്ങളുളളവരാണെങ്കില്‍ ഇത് സംബന്ധിച്ച ആരോഗ്യ സാക്ഷ്യപത്രം സമർപ്പിച്ചാല്‍ രാത്രികാല ജോലിഷിഫ്റ്റ് പകല്‍ സമയത്തേക്ക് മാറ്റാന്‍ നിയമം അനുമതി നല്‍കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമെടുക്കുന്ന അവധിയും വർദ്ധിപ്പിച്ചിട്ടുണ്ട്. രോഗിക്ക് കൂടെയിരിക്കുന്നതിന് 15 ദിവസത്തെ രോഗീപരിചരണ അവധിയും നല്‍കും.

സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനനല്‍കുന്ന നിയമം 98 ദിവസത്തെ പ്രസവാവധി ആനുകൂല്യം നല്‍കുന്നു. പ്രസവത്തോട് അനുബന്ധിച്ച് 15 ദിവസം പിതാവിനും അവധി ലഭിക്കും. ജോലിയുളള ദിവസങ്ങളില്‍ ഒരു മണിക്കൂർ കുഞ്ഞിന്‍റെ പരിചരണത്തിന് സമയം അനുവദിക്കുന്നുണ്ട്. ഒരു വർഷം വരെ ശമ്പളമില്ലാതെ അവധിയും പുതിയ നിയമം അനുവദിക്കുന്നു.തൊഴില്‍ ദാതാവിന് ഉല്‍പാദന ക്ഷമത ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും ആവശ്യമായ പുരോഗതി ഇക്കാര്യത്തില്‍ ഇല്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും അധികാരമുണ്ടാകും. ഉല്‍പാദനക്ഷമത വർദ്ധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് നിശ്ചിത കാലപരിധി നല്‍കാം. മറ്റൊരു തൊഴിലുടമയ്ക്ക് കീഴില്‍ ജോലി ചെയ്യാന്‍ തൊഴിലാളിക്ക് അനുമതി നല്‍കാനും തൊഴിലുടമയ്ക്ക് അധികാരമുണ്ടാകും.

തൊഴില്‍ സേവന കാലയളവ് അവസാനിക്കുമ്പോള്‍ തൊഴിലാളിക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റിയ്ക്ക് പകരം സേവിംഗ്സ് സമ്പ്രദായമാണ് തൊഴില്‍ നിയമത്തിലെ മറ്റൊരു പ്രധാന മാറ്റം. സേവിംഗ്സ് നല്‍കേണ്ടത് തൊഴിലുടമയാണ്. എന്നാല്‍ നിശ്ചിത വിഹിതം തൊഴിലാളിയും നല്‍കണം. ഇത് സംബന്ധിച്ചുളള വിശദമായ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.പ്രതിമാസ അടിസ്ഥാന ശമ്പളത്തിന്‍റെ 9 ശതമാനമാണ് നിയമത്തിന്‍റെ അനുച്ഛേദം 139ലെ ഒന്നാം വ്യവസ്ഥ പ്രകാരമുള്ള തൊഴിലാളിയുടെ വിഹിതം. സേവിംഗ്സ് സംവിധാനത്തിലേക്ക് തൊഴിലുടമ നല്‍കുന്ന തുകയോ മറ്റ് സ്വത്തുക്കളോ സമ്മാനങ്ങളോ സേവിംഗ്സിലേക്ക് കണക്കാക്കാം. ബന്ധപ്പെട്ട കൗണ്‍സിലിന്‍റെ അംഗീകാരം വേണമെന്നുളളതാണ് നിബന്ധന. കൃത്യമായ സമയപരിധിക്കുളളില്‍ തൊഴിലുടമ വിഹിതം സേവിംഗ്സിലേക്ക് നല്‍കണം. ഇല്ലെങ്കില്‍ അധിക തുക നല്‍കേണ്ടി വരും. തൊഴിലാളിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിച്ച മുഴുവന്‍ വിഹിതത്തിന്‍റെയും നിക്ഷേപത്തിന്‍റെയും ഉടമസ്ഥാവകാശം തൊഴിലാളിക്ക് മാത്രമാണ്. തൊഴില്‍ സേവന കാലയളവ് അവസാനിക്കുമ്പോള്‍ അക്കൗണ്ടിലെ തുക തൊഴിലാളിക്ക് ലഭിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ തൊഴിലാളിയുടെ മരണം സംഭവിച്ചാല്‍ തുക അനന്തരാവകാശികള്‍ക്കായിരിക്കും ലഭിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in