യുഎഇയുടെ എണ്ണ ഇതര വരുമാനത്തില്‍ കുതിപ്പ് രേഖപ്പെടുത്തി. ഒരു ലക്ഷം കോടി ദിർഹ(ഒരു ട്രില്ല്യണ്‍ ദിർഹം)ത്തിന്‍റെ വ്യാപാരമാണ് കഴിഞ്ഞ ആറുമാസത്തിനുളളില്‍ രാജ്യത്ത് നടന്നത്. വർഷം പകുതിയായപ്പോള്‍തന്നെ വ്യാപാര രംഗത്ത് ലക്ഷ്യം കൈവരിക്കാനായെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനുളളില്‍ 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വ്യാപാരം കോവിഡിന് മുന്‍പുളള വ്യാപാരതോതിലേക്കെത്തിയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണ ഇതര വിപണി 2021 നെ അപേക്ഷിച്ച് 8 ശതമാനം വളർച്ച രേഖപ്പെടുത്തി 180 ബില്ല്യണ്‍ ദിർഹത്തിന്‍റെ വ്യാപാരമാണ് 2022 ല്‍ നടത്തിയിട്ടുളളത്. പുന കയറ്റുമതി 300 ബില്ല്യണ്‍ ദിർഹത്തിനടുത്താണ്. ഇതും ചരിത്രത്തില്‍ ആദ്യമാണ്. ഇറക്കുമതി 580 ബില്ല്യണ്‍ ദിർഹവും കടന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.