അത്ഭുതങ്ങളൊളിപ്പിച്ച മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ
ദുബായിലെ ഏറ്റവും തിരക്കേറിയ നഗരവീഥിയായ ഷെയ്ഖ് സയ്യീദ് റോഡിനോരത്ത് തലയുയർത്തി നില്‍ക്കുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ. മ്യൂസിയം എന്നുകേള്‍ക്കുമ്പോള്‍ പുരാതന കാലത്തേക്ക് പോകുന്ന നമ്മുടെ മനസിനെ ഭാവിയിലേക്ക് കൂട്ടികൊണ്ടുപോകും ദുബായുടെ ഈ പുതിയകാലത്തെ മ്യൂസിയം. എമിറേറ്റ്സ് മെട്രോ സ്റ്റേഷനുളളിലൂടെ മ്യൂസിയത്തിലേക്ക് എത്തിച്ചേരാനുളള വഴിയൊരുക്കിയിട്ടുണ്ട്.
ഏഴുനിലകളിലായാണ് ഭാവിയിലെ കാഴ്ചകള്‍ ദുബായ് ഒരുക്കിയിരിക്കുന്നത്. പച്ചപ്പരവതാനിയില്‍ വെള്ളിത്തിളക്കത്തില്‍ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശകരെ സ്വീകരിക്കുന്നു. മ്യൂസിയത്തിന് സമീപത്തായി ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദിന്‍റെ ആശയത്തിലൊരുങ്ങിയ വലിയ കൈപ്പത്തി സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് വിരലുകള്‍ സല്യൂട്ട്, അതിലെ ഡബ്ല്യൂ എന്നത് (വിഷ്)ആഗ്രഹത്തേയും വി എന്നുളളത് വിജയത്തേയും (വിക്ടറി) എല്‍ എന്നത് സ്നേഹത്തേയും (ലവ്) സൂചിപ്പിക്കുന്നു. മ്യൂസിയത്തിനുളളില്‍ കയറിയാല്‍ നമ്മെ സ്വീകരിക്കുക ദുബായ് ഭരണാധികാരിയുടെ വാക്കുകള്‍ തന്നെയാണ്.
ജീവിതത്തിന്‍റെ നവീകരണത്തിന്‍റെയും നാഗരികതയുടെ പരിണാമത്തിന്‍റെയും മനുഷ്യരാശിയുടെ വികാസത്തിന്‍റെയും രഹസ്യം ലളിതമായ നവീകരണമാണ്...നമ്മള്‍ ഒരു നൂറുവർഷമൊന്നും ജീവിച്ചിരിക്കില്ല, എന്നാല്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഇവിടെ നമ്മെ അടയാളപ്പെടുത്തണം, അതിലൂടെ നമ്മുടെ പിന്‍ തലമുറ നമ്മെ അറിയണം....ഭാവിയെന്നുളളത് സ്വപ്നം കാണാനും നടപ്പിലാക്കാനുമുളളതാണ്, ഭാവിയെ നാം കാത്തിരിക്കേണ്ടതല്ല, സൃഷ്ടിക്കേണ്ടതാണ്....ഷെയ്ഖ് മുഹമ്മദിന്‍റെ വാക്കുകളെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനോട് ചേർത്ത് വച്ചത് എമിറാത്തി ആർട്ടിസ്റ്റ് മത്താർ ബിൻ ലഹേജാണ്.
ഷെയ്ഖ് മുഹമ്മദിന്‍റെ വാക്കുകളിലൂടെ കടന്ന് മ്യൂസിയത്തിനുളളിലേക്ക്...വർത്തമാനകാലത്തില്‍ നിന്നുകൊണ്ട് ഭാവി അറിയാന്‍..ആർകിടെക്ടായ ഷോണ്‍ കില്ലെയാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ രൂപകല്പന ചെയ്തിട്ടുളളത്. 77 മീറ്റർ ഉയരവും 30,000 ചതുരശ്ര അടി വിസ്തീർണവുമുണ്ട് തൂണുകളില്ലാത്ത ഈ നിർമ്മിതിക്ക്.
ആദ്യം അഞ്ചാം നിലയിലെ ഒ എസ് എസ് ഹോപിലേക്ക്
ഹോപ് എന്ന ബഹിരാകാശ പേടകത്തിലേക്കാണ് ആദ്യം.ഭൂമിയില്‍ നിന്ന് 600 കിലോമീറ്റർ അകലത്തിലുളള ഒഎസ്എസ് ഹോപ് ബഹിരാകാശനിലയത്തിലേക്കാണ് പോകുന്നത്. 2071 ല്‍ എങ്ങനെയായിരിക്കും നമ്മുടെ ദുബായ് ജീവിതം എന്നുളളത് അനുഭവിച്ചറിയുന്നതാണ്.മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സ്റ്റേഷനിലേക്കാണ് നമ്മള്‍ പോകുന്നത്. സഹായിക്കാനായി വിർച്വല്‍ ഗൈഡായ അയയും എത്തി. ബഹിരാശ പേടകത്തിന്‍റെ രൂപത്തില്‍ സജ്ജമാക്കിയിട്ടുളള എലവേറ്ററിലേക്ക് കടക്കും. നാലുമിനിറ്റുളള യാത്രയില്‍ ചുറ്റുമുളള സ്ക്രീനുകളിലൂടെ ബഹിരാകാശത്തേക്കുളള സഞ്ചാരം അനുഭവവേദ്യമാകും. ഒഎസ്എസ് ഹോപ് ബഹിരാകാശ നിലയത്തിലെത്തിയാല്‍ വീണ്ടും വിർച്വല്‍ സഹായിയായ അയ. അഞ്ചാം നിലയിലാണ് ഒ എസ് എസ് ഹോപ് സജ്ജമാക്കിയിട്ടുളളത്. നാസ രൂപകല്‍പന ചെയ്ത് അനുമതി നല്‍കിയിട്ടുളള സ്പേസ് സ്റ്റേഷന്‍ അവിടെ കാണാനാകും. 2071 ല്‍ യുഎഇയുടെ ഇത്തരത്തിലുളള ഒരു സ്പേസ് സ്റ്റേഷന്‍ സജ്ജമാക്കുകയെന്നുളളതാണ് യുഎഇയുടെ ലക്ഷ്യം. അതിന്‍റെ ചെറുപതിപ്പാണ് മ്യൂസിയത്തില്‍ കാണാനാകുക. ബഹിരാകാശത്തെ സൗരോർജ്ജം ഉപയോഗപ്പെടുത്തി ഭൂമിയെ ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ അവിടെ കാണാനാകും. ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കുമ്പോഴുളള അനുഭവവും ഗ്യാലക്സിയും സ്പേസില്‍ കുടിക്കാന്‍ കഴിയുന്ന വെളളവും ലഘുഭക്ഷണവുമൊക്കെ ഒരുക്കിയിട്ടുണ്ട്. ബഹിരാകാശത്തേക്ക് പറക്കാന്‍ സജ്ജമായി നില്‍ക്കുന്ന നമ്മെതന്നെ കാണണമെങ്കില്‍ കൈയ്യില്‍ കെട്ടിയിരിക്കുന്ന റിസ്റ്റ് ബാന്‍ഡ് സ്കാന്‍ ചെയ്താല്‍ മതി. നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങളെല്ലാം. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് പോർട്ടിലേക്കാണ് അവിടെ നിന്ന് പിന്നെയുളള യാത്ര. അതുകഴിഞ്ഞ് യാത്രയുടെ രണ്ടാം ഘട്ടത്തിലേക്ക്.
സ്വാഭാവിക ആവാസ വ്യവസ്ഥയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഹീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്
മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ നാലാം നിലയില്‍ സജ്ജമാക്കിയിട്ടുളള ഹീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്. ആവാസ വ്യവസ്ഥയും അതിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഇവിടെ കാണാം. ദുബായുടെ നാളെയിലൂടെയാണ് ഹീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടീലേക്ക് കടക്കുന്നത്. പ്രകൃതിയെ കുറിച്ചുളള കാര്യങ്ങളാണ് ഹീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുളളത്. സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സന്ദർശകനെ മനസിലാക്കി കൊടുക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആമസോണ്‍ കാടുകളെ സംരക്ഷിക്കുന്നതടക്കമുളള കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ ലളിതമായി പറഞ്ഞുതരികയാണ്. പിന്നീട് സ്പെസിമെന്‍ ലൈബ്രറിറിയിലേക്ക്. 2600 ലധികം സ്പെസിമെന്‍ ഗ്ലാസുകളില്‍ സംരക്ഷിച്ചിരിക്കുന്നു. അവിടെ നിന്നും ലഭിക്കുന്ന കൈയ്യുപകരണം ഗ്ലാസ് ജാറില്‍ സ്കാന്‍ ചെയ്യുമ്പോള്‍ സ്പെസിമെന്‍ വിശദമായ കാര്യങ്ങള്‍ അതിലൂടെ മനസിലാക്കാനാകും. പിന്നീട് കാണുന്നത് അത്തരം ഡിഎന്‍എ എങ്ങനെ ഭാവിയിലേക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് മാറ്റാന്‍ കഴിയുന്നതടക്കമുളള ഗവേഷണങ്ങളെ കുറിച്ചുളള വിശദാംശങ്ങളാണ്
അടുത്തഘട്ടമെന്നുളളത് മൂന്നാം നിലയിലൊരുക്കിയ അല്‍ വഹയെന്നുളളതാണ്. ഫ്യൂച്ചറിസ്റ്റിക് സ്പായെന്നുളളതാണ് അല്‍ വഹ അനുഭവവേദ്യമാക്കുക. മെഡിറ്റേഷനുള്‍പ്പടെയുളള കാര്യങ്ങള്‍ക്ക് ഓരോരുത്തരുടേയും ജീവിതത്തിലുളള പ്രസക്തി അല്‍ വഹയില്‍ കാണാം. വിഷ് കോയിനാണ് അല്‍ വഹയിലെ മറ്റൊരു പ്രത്യേകത. എന്തെങ്കിലും ആഗ്രഹം മനസില്‍ വിചാരിച്ച് നാണയമെടുത്ത് അല്‍ വഹയിലൂടെ യാത്രയുടെ അവസാനം അത് നിർദ്ധിഷ്ട സ്ഥലത്ത് നിക്ഷേപിക്കാം. തൊടാതെ അനുഭവപ്പെടുക.. ശബ്ദത്തിലൂടെ പരസ്പരം യോജിപ്പിക്കുക... അങ്ങനെയങ്ങളെ ഭാവിയേയും വർത്തമാനത്തേയും ബന്ധപ്പെടുത്തുന്നു അല്‍ വഹ. 14 ഭാഷകളില്‍ സ്നേഹവും കുടുംബവുമൊക്കെ അടയാളപ്പെടുത്തിയ ആഗ്രഹമതിലിനകരികിലാണ് വിഷ് കോയിന്‍ നമ്മള്‍ നിക്ഷേപിക്കേണ്ടത്.
നാളെ, ഇന്ന്
സമീപഭാവിയിലേക്കുളള യാത്രയാണ് ടുമാറോ ടുഡെ. നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തി ജീവിതം ആയാസരഹിതവും എളുപ്പവുമാക്കാനുളള നൂതനവഴികള്‍ തേടുകയാണിവിടെ. ഡ്രൈവറില്ലാ വാഹനമുള്‍പ്പടെ അടുത്ത 50 വർഷം എന്തൊക്കെയാണ് നമ്മളെതേടിയെത്തുകയെന്നുളളതിവിടെ കാണാം.
അതുകഴിഞ്ഞാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ വ്യൂ ഡെസ്കിലേക്കുളള പ്രവേശനം. അതിമനോഹരമാണിവിടം. താഴെ ഷെയ്ഖ് സയ്യീദ് റോഡിന്‍റെ നഗരതിരക്ക്, മുകളില്‍ കലിഗ്രഹിയുടെ മനോഹാരിതയില്‍ ഉയർന്നുനില്‍ക്കുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ മുകള്‍ ഭാഗം. അനുഭവിച്ചറിയണം, ആ ആനന്ദം.
കുട്ടികളാണ് ഭാവി
കുട്ടികള്‍ക്കായി ഒന്നാം നിലയില്‍ ഒരുക്കിയിട്ടുളള ഫ്യൂച്ചർ ഹീറോസിലേക്കാണ് അവസാനമായി നാമെത്തുക. 3 മുതല്‍ 10 വയസുവരെയുളള കുട്ടികള്‍ക്കുളള ഇന്‍ററാക്ടീവ് സെഷനാണ് ഫ്യൂച്ചർ ഹീറോസിലുളളത്. കുട്ടികളാണ് ലോകത്തിന്‍റെ ഭാവി. അവർക്കായി രൂപകല്‍പന ചെയ്തിട്ടുളള അവരുടെ ഭാവനയേയും അറിവിനേയും ദ്യോതിപ്പിക്കുന്ന ഇടമാണ് ഫ്യൂച്ചർ ഹീറോസ്.
ഏഴാം നിലയില്‍ ഇവന്‍റ് ഹാളാണ്. പരിപാടികള്‍ നടത്താനായി മാറ്റിവച്ചിരിക്കുകയാണ് ഇവിടം. 6 ആം നില സ്വകാര്യ ഇടമാണ്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ ലോബിയില്‍ കഫേകളും ഷോപ്പുകളുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
സന്ദർശനം എങ്ങനെ
22-02-2022 എന്ന പ്രത്യേക തിയതിയില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം മക്കളായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ദുബായ് ഉപഭരണാധികാരി ഷെയ്ക് മക്തൂമൂം ഒരുമിച്ചാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ലോകത്തിന് തുറന്നുകൊടുത്തത്. നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ 2021 ല്‍ നടത്തിയ സർവ്വെയില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിലൊന്നായി തുറക്കുന്നതിന് മുന്‍പ് തന്നെ ഇടം നേടിയിട്ടുണ്ട് ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ. നിരവധി പേരാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലെ കാഴ്ചകളാസ്വദിക്കാനായി ഇവിടേക്ക് എത്തിച്ചേരുന്നത്. 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് പ്രവർത്തന സമയം.
https://museumofthefuture.ae/ വെബ്സൈറ്റിലൂടെ സന്ദർശന ദിവസവും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യണം. 3 വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്വദേശികളായ 60 വയസിന് മുകളില്‍ പ്രായമുളളവർക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.
വർത്തമാനകാലത്തിലേക്കല്ല, ഭാവിയിലേക്കാണ് നാം നോക്കേണ്ടതെന്നും നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഒന്നും അസാധ്യമാകില്ലെന്നും മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ നമ്മെ ഓരോരുത്തരേയും ഓർമ്മിപ്പിക്കുന്നുണ്ട്.