ഷാർജ പുസ്തകോത്സവത്തില്‍ മ്യൂറല്‍ ചിത്രങ്ങളൊരുക്കി സ്മിത

ഷാർജ പുസ്തകോത്സവത്തില്‍ മ്യൂറല്‍ ചിത്രങ്ങളൊരുക്കി സ്മിത
Published on

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ റൈറ്റേഴ്സ് ഫോറത്തിനടുത്തായി ഒലീവ് ബുക്സിന്‍റെ സ്റ്റാളില്‍ മനോഹരമായ മ്യൂറല്‍ ചിത്രങ്ങള്‍ കാണാം. ഷാർജയിലെ സ്മിതയുടേതാണ് മനോഹരമായ ഈ മ്യൂറല്‍ ചിത്രങ്ങള്‍. മറൈന്‍ സ്ഥാപനത്തില്‍ സെക്രട്ടറിയായിരുന്ന സ്മിത ജോലി രാജിവച്ചതിന് ശേഷമാണ് വരയിലേക്ക് തിരിഞ്ഞത്. നാലുവർഷമായി മ്യൂറല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയിട്ട്. ക്ലാസുകളില്‍ പോയി പഠിച്ചിട്ടില്ല. യൂട്യൂബില്‍ നോക്കാറുണ്ട്. കൂടാതെ മ്യൂറല്‍ കലാകാരന്മാരുടെ വാട്സ് അപ്പ് കൂട്ടായ്മയിലും അംഗമാണ്. ഈ അറിവുകള്‍ വച്ചാണ് ചിത്രം വരയ്ക്കുന്നത്.

വളരെ ശ്രദ്ധ ആവശ്യമുളള കലയാണിത്. സൂക്ഷ്മതയോടെ സമയമെടുത്താണ് ഓരോ ചിത്രവും പൂർത്തിയാക്കുന്നത്. തുണിയിലാണ് ആദ്യം വരച്ച് തുടങ്ങിയത്. പിന്നീട് ക്യാന്‍വാസിലേക്ക് മാറി. മ്യൂറല്‍ പെയിന്‍റിങിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സ്മിത പറയുന്നു.

മക്കളായ ലവീനയുടെയും ലാവണ്യയുടേയും വസ്ത്രങ്ങളില്‍ മ്യൂറല്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. അതായിരുന്നു തുടക്കം. പിന്നീട് പതുക്കെ പതുക്കെ കുറച്ചുകൂടി വലിയ രീതിയില്‍ ക്യാന്‍വാസിലേക്ക് മാറി. മക്കളുടെ കൂട്ടുകാർക്ക് സമ്മാനമായി നല്‍കാറുണ്ടായിരുന്നു. ഇന്‍സ്റ്റയില്‍ സജീവമായണെങ്കിലും താന്‍ വരയ്ക്കുന്നതാണ് ഇതെന്ന് കൂടുതല്‍ പേർക്ക് അറിയില്ലായിരുന്നു. പുസ്തകോത്സവത്തിലെത്തിയതിന് ശേഷം പെയിന്‍റിങിന് ആവശ്യക്കാരേറി. കൂടുതല്‍ സജീവമായി പെയിന്‍റിങ്ങ് ലോകത്ത് തുടരാനാണ് സ്മിതയുടെ താല്‍പര്യം. ഷാർജ റോളയിലാണ് താമസം. ഭർത്താവ് ബിജു സുബ്രഹ്മണ്യം റോളയില്‍ ബിസിനസ് ചെയ്യുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in