ഗണിത ശാസ്ത്രത്തില്‍ അസാമാന്യ മികവ് തെളിയിച്ചവർക്കായുളള വേള്‍ഡ് മെന്‍റല്‍ സ്പോർട്സ് ഒളിമ്പിക്സ് മെമ്മറിയാഡ് 2024 ന് ഷാർജ വേദിയാകും. നവംബർ ഏഴുമുതല്‍ ഒന്‍പതുവരെ ഷാർജ സ്കൈലൈന്‍ യൂണിവേഴ്സിറ്റിയിലാണ് മത്സരങ്ങള്‍ നടക്കുക. 5 വയസുമുതല്‍ 60 വയസുവരെയുളള പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
35 രാജ്യങ്ങളുടെ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബുദ്ധിശക്തികൊണ്ടും ഓർമ്മശക്തികൊണ്ടും ഒപ്പം ഗണിതശാസ്ത്രത്തിലും മിടുക്ക് തെളിയിക്കാന്‍ കഴിയുന്ന തരത്തിലുളള 12 വിഭാഗങ്ങളില്‍ മത്സരം നടക്കും. ഇത്തവണ എമിറാത്തി മെന്‍റല്‍ സ്പോർട്സ് ടീമും മത്സരത്തിനുണ്ട്. 46 അംഗ ടീമാണിത്. ഇന്ത്യയില്‍ നിന്ന് 56 അംഗ ടീമാണ് എത്തുക.അകെ 30,000 ഡോളറിന്‍റെ സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഓരോ വിഭാഗത്തിലും ഒളിമ്പിക് ചാമ്പ്യൻമാർക്ക് 1000 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 750 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 500 ഡോളറും സമ്മാനം ലഭിക്കും.2008 ലാണ് മെന്‍റല്‍ സ്പോർട്സ് ഒളിമ്പിക്സ് തുടങ്ങിയത്.
പഠനത്തില്‍ അസാമാന്യപ്രതികളായവരെ പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് മെമ്മോറിയാഡ് ലക്ഷ്യമിടുന്നതെന്ന് ചെയർപേഴ്സൺ ഷെർലി ജേക്കബ് പറഞ്ഞു. മെമ്മോറിയഡ് 2024 ൻ്റെ ബ്രാൻഡ് അംബാസഡർ ക്രിസ് ജേക്കബ്, സ്കൈലൈൻ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർമാരായ ഡോ.ദീപക് കൽറ, ഡോ. നസീം ആബിദി,മതെല്ലൊ ജീനിയസ് ആഗോള വിദ്യാഭ്യാസ ഡയറക്ടർ ശ്രീനിവാസ് അയ്യങ്കാർ തുടങ്ങിയവരും പങ്കെടുത്തു.