ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കറുപ്പിലും വെളുപ്പിലും യുഎഇ ഭരണാധികാരികളുടെ ഛായാചിത്രങ്ങളൊരുക്കി സ്വദേശി കലാകാരിയായ ബയാന്‍ അല്‍ ഒ. യുഎഇ ഭരണാധികാരികളുടെ ജീവന്‍ തുടിക്കുന്ന ഛായാചിത്രങ്ങളാണ് ബയാന്‍ വരച്ചിരിക്കുന്നത്.
യുഎഇയിലെ ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെ പെന്‍സില്‍ സ്കെച്ചുകളും ഓയില്‍ പെയിന്‍റിംഗുകളുമാണ് വായനോത്സവത്തില്‍ പ്രദർശിപ്പിച്ചിട്ടുളളത്.യുഎഇ സ്ഥാപകപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ചിത്രങ്ങളും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഛായാചിത്രങ്ങളിലൊന്ന് യുഎഇ രാഷ്ട്രപതിയുടെ ഓഫീസ് വാങ്ങിക്കഴിഞ്ഞു.
അമ്മയാണ് തന്‍റെ പ്രചോദനമെന്ന് കലാകാരിയായ ബയാന്‍ പറയുന്നു. ഛായാചിത്രങ്ങള്‍ ഇഷ്ടമാണെങ്കിലും അതോടൊപ്പം തന്നെ പ്രകൃതിസൗന്ദര്യവും ബയാന്‍റെ ഭാവനയില്‍ പുതിയ കാഴ്ചയായി തെളിയുന്നു. ഇന്‍സ്റ്റാഗ്രാമിലും സജീവമാണ്. പ്രാദേശികമായ നിരവധി പരിപാടികളിലും ബയാന്‍ ചിത്ര പ്രദർശനം നടത്താറുണ്ട്.