തങ്കത്തിളക്കത്തില്‍ യുഎഇയിലെ മലയാളി നഴ്സുമാർ, ഗോള്‍ഡന്‍ വിസ അനുവദിച്ചു തുടങ്ങി

തങ്കത്തിളക്കത്തില്‍ യുഎഇയിലെ മലയാളി നഴ്സുമാർ, ഗോള്‍ഡന്‍ വിസ അനുവദിച്ചു തുടങ്ങി
Published on

യുഎഇയിലെ വിവിധ ആശുപത്രികളിലെ നഴ്സുമാർക്ക് 10 വർഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ച് തുടങ്ങി.10 വർഷമായി ആതുരസേവന രംഗത്ത് തുടരുന്ന ജോയ്സി സി ജോണി തൊടുപുഴ സ്വദേശിനിയാണ്. അബുദബിയിലെ ഷെയ്ഖ് ഷഖാബൂത്ത് ആശുപത്രിയില്‍ ജോലിക്കിടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷം അറിയുന്നത്. ഭ‍ർത്താവായ ലിന്‍റോയും രണ്ട് മക്കളുമടങ്ങുന്നതാണ് ജോയ്സിയുടെ കുടുംബം. നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവർക്കും പഠനത്തില്‍ മികവ് പുലർത്തുന്ന വിദ്യാർത്ഥികള്‍ക്കുമാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ആ പട്ടികയിലേക്ക് നഴ്സുമാർ കൂടിയെത്തുന്നത് ഗോള്‍ഡന്‍ വിസയുടെ തിളക്കം കൂട്ടുന്നു.

ജോയ്സി സി ജോണി
ജോയ്സി സി ജോണി

അബുദബി എന്‍ എം സി ആശുപത്രിയില്‍ 2013 മുതല്‍ ജോലി ചെയ്യുകയാണ് മേഘ്ന എലിസബത്ത് ജോസ്. അപ്രതീക്ഷിതമായാണ് ഗോള്‍ഡന്‍ വിസയുടെ സന്തോഷം തേടിയെത്തിയതെന്ന് മേഘ്ന പ്രതികരിച്ചു. ആദ്യം വിശ്വാസമായില്ല. സാങ്കേതിക തകരാറാകുമോയെന്ന് സംശയിച്ചു, എന്നാല്‍ പിന്നീടാണ് ഗോള്‍ഡന്‍ വിസ തങ്ങള്‍ക്കും ലഭിച്ചുവെന്നത് മനസിലായത്. ഒരുപാട് സന്തോഷം തോന്നിയെന്നും മേഘ്ന പറയുന്നു. കേരളത്തില്‍ ചങ്ങനാശേരി നാലുകോടി സ്വദേശിനിയാണ് മേഘ്ന. ചെത്തിപ്പുഴയിലെ സെന്‍റ് തോമസ് ആശുപത്രിയിലാണ് പഠനം പൂർത്തിയാക്കിയത്. ഭർത്താവ് റിജോഷ് വർഗീസ് വേഷ്നാലും മൂന്നുമക്കളുമടങ്ങുന്ന കുടുംബവും ഗോള്‍ഡന്‍ വിസ നേട്ടത്തില്‍ ഡബിള്‍ ഹാപ്പി.

 മേഘ്ന എലിസബത്ത് ജോസ്
മേഘ്ന എലിസബത്ത് ജോസ്

യുഎഇയില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ ഭൂരിഭാഗവും മലയാളികളാണ്. അതുകൊണ്ടുതന്നെ നഴ്സുമാർക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമ്പോള്‍ അതിന്‍റെ നേട്ടം കൂടുതല്‍ ലഭിക്കുന്നത് മലയാളികള്‍ക്കാണെന്ന് ചുരുക്കം. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നഴ്സായി ജോലി കിട്ടിയപ്പോഴാണ് ജിബി ജിബിന്‍ പത്തനം തിട്ടയില്‍ നിന്ന് യുഎഇയിലേക്ക് പറന്നത്. നാല് വർഷത്തിനിപ്പുറം ഗോള്‍ഡന്‍ വിസയുടെ തിളക്കത്തിലെത്തി നില്‍ക്കുമ്പോള്‍ നഴ്സായതില്‍ അഭിമാനമെന്ന് ജിബി. ഭർത്താവ് ജിബിനും ഇരട്ട കുട്ടികളായ അന്നയും ആദവും അടങ്ങുന്ന കുടുംബവും ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷത്തിലാണ്.

ജിബി ജിബിന്‍
ജിബി ജിബിന്‍

ഡനാത് അല്‍ എമറാത്ത് ആശുപത്രിയില്‍ 8 വർഷമായി നഴ്സായി ജോലി ചെയ്യുകയാണ് ലിസ മേരി എബ്രഹാം.കുട്ടികളുടെ വിഭാഗത്തിലെ നഴ്സാണ് ലിസ.ഗോള്‍ഡന്‍ വിസ നേട്ടത്തില്‍ അഭിമാനവും സന്തോഷവും പങ്കുവയ്ക്കുകയാണ് ലിസയും ഭർത്താവ് ജിബുവും മക്കളുമടങ്ങുന്ന കുടുംബവും

ലിസ മേരി എബ്രഹാം
ലിസ മേരി എബ്രഹാം

2019 ലാണ് യുഎഇ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപനം നടത്തിയത്. മലയാളത്തിന്‍റെ പ്രിയ നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വ്യവസായി എം എ യൂസഫലി അടക്കമുളള പ്രമുഖർക്കും ഗോള്‍ഡന്‍ വിസ ലഭിച്ചതോടെ ഗോള്‍ഡന്‍ വിസയ്ക്ക് ഏറെ പ്രചാരം കൈവന്നു. പിന്നീട് വിവിധ മേഖലകളില്‍ കഴിവ് തെളിയച്ചവർക്കുളള ആദര സൂചകമായി ഗോള്‍ഡന്‍ വിസ നല്‍കിത്തുടങ്ങി.ഏറ്റവുമൊടുവില്‍ നഴ്സുമാർ കൂടി ഗോള്‍ഡന്‍ വിസയുടെ പരിധിയില്‍ വരുമ്പോള്‍ അർഹതയ്ക്കുളള അംഗീകാരമായി അത് മാറുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in