മഞ്ഞുമല്‍ ബോയ്സ് ഇത്രവലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ ചിദംബരം. വിജയമാകണമെന്നുകരുതിതന്നെയാണ് ഓരോ സിനിമയുമെടുക്കുന്നത്. എന്നാല്‍ മഞ്ഞുമല്‍ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായി ദുബായ് അല്‍ ഖുറൈർ സെന്‍ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമല്‍ഹാസനെയും ഗുണ സംവിധായകനായ സന്താനഭാരതിയേയും കാണാനും അവരുടെ ഒപ്പമിരുന്ന് സിനിമകാണാനും കഴിഞ്ഞതും വലിയ അംഗീകാരമായികാണുന്നവെന്നും ചിദംബരം പറഞ്ഞു.മഞ്ഞുമല്‍ബോയ്സ് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ്. അതുകൊണ്ടുതന്നെ റീമേക്ക് എന്നുളളത് മനസിലുണ്ടെങ്കിലും അതെങ്ങനെയെന്ന് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും പ്രേക്ഷകർ മലയാളസിനിമയ്ക്ക് പ്രധാനമാണ്. വിജയാഘോഷത്തിലേക്ക് എത്തിയ ജനക്കൂട്ടം മഞ്ഞുമല്‍ ബോയ്സിന് ലഭിച്ച സ്വീകാര്യതയാണ്. പ്രേക്ഷകന്‍ തന്നെയാണ് സിനിമകളുടെ ആശയത്തേയും പുതുമയേയും നയിക്കുന്നത്.
ജാനേമന്നിന്‍റെയും മഞ്ഞുമല്‍ ബോയ്സിന്‍റെയും വിജയം മൂന്നാമത്തെ സിനിമയെന്നത് തനിക്ക് വെല്ലുവിളിയാകുന്നുണ്ടെന്നും ചിദംബരം പറഞ്ഞു. കലാസംവിധായകന്‍ അജയന്‍ ചാലിശേരി നല്‍കിയ ഉറപ്പിലാണ് ഗുഹയുടെ സെറ്റിട്ട് സിനിമ ചിത്രീകരിക്കാന്‍ ധൈര്യമായി മുന്നോട്ട് പോയതെന്നും ചിദംബരം പറഞ്ഞു. മഞ്ഞുമല്‍ ബോയ്സില്‍ അഭിനയിച്ച അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചിത്രത്തിന്‍റെ ഗള്‍ഫിലെ പ്രൊമോട്ടർ ഉണ്ണികൃഷ്ണന്‍ മന്നത്ത് തുടങ്ങിയവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു. ചിത്രത്തിന്‍റെ ദുബായിലെ വിജയാഘോഷങ്ങള്‍ സംഘടിപ്പിച്ചത് ഷീ കമ്പനിയാണ്.