സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി
Published on

ഓരോ സിനിമ റിലീസാകുമ്പോഴും സംഭ്രമുണ്ടാകാറുണ്ടെന്ന് മമ്മൂട്ടി. ടർബോ സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് ദുബായ് ദേര സിറ്റി സെന്‍റർ വോക്സില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 110 ദിവസത്തോളം ഷൂട്ട് ചെയ്തു,ഒരു പാട് ആളുകളുടെ ഒരുപാട് കാലത്തെ പരിശ്രമമാണ് ടർബോ. മമ്മൂട്ടികമ്പനിയുടെ അഞ്ചാമത്തെ സിനിമയാണിത്. ഇതുവരെ എടുത്തതില്‍ ഏറ്റവും ചെലവേറിയ സിനിമ.ഏത് സിനിമ റിലീസ് ചെയ്യുമ്പോഴും നിർമ്മാതാവെന്ന നിലയിലും ആക്ടറെന്ന നിലയിലും ലേശം സംഭ്രമുണ്ടാകാറുണ്ട്. ടർബോയ്ക്കും അതുണ്ട്.പ്രേക്ഷകന്‍റെ മുന്നിലേക്ക് ഒരു സിനിമ ഇറങ്ങുമ്പോള്‍ അവരെങ്ങനെ സ്വീകരിക്കുമെന്നതിനെ കുറിച്ച് ആകാംക്ഷയുണ്ടാകാറുണ്ട്. സിനിമ പോസിറ്റീവാണെന്ന വാർത്തകേള്‍ക്കുന്നതു വരെ നെഞ്ചിടിപ്പുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടർബോ മാസിനും ക്ലാസിനും സാധാരണക്കാരനും പണ്ഡിതനുമെല്ലാം കാണാന്‍ പറ്റുന്ന സിനിമയാണ്. സിനിമയ്ക്കായി ആളുകള്‍ കാത്തിരിക്കുന്നത് ഒരേ സമയം ടെന്‍ഷനും സന്തോഷവുമാണ്. അഭിനയിച്ച സിനിമകളുടെ വിജയം കൂടുതല്‍ സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സമ്മർദ്ദം തരാറുണ്ടോയെന്നുളള ചോദ്യത്തിന് സിനിമയുടെ വിജയം തലയില്‍ കയറ്റാതിരുന്നാല്‍ മതിയെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഓരോ സിനിമ ചെയ്യുമ്പോഴും ആദ്യ സിനിമ ചെയ്യുന്ന അതേ രീതിയിലാണ് ചെയ്യുന്നത്. ഇത്രയും കാലത്തിനിടെ 400 ലധികം സിനിമകളില്‍ അഭിനയിച്ചു. എല്ലാം വിജയമല്ല, എല്ലാം പരാജയവുമല്ല. സിനിമയല്ലാതെ വേറെ വഴിയില്ല. സിനിമയെടുക്കുകയോ അഭിനയിക്കുകയോ ചെയ്യണം.സിനിമ ഓടുകയോ ഇല്ലയോ എന്നോർത്ത് വീട്ടിലിക്കാന്‍ പറ്റില്ല. സിനിമയില്‍ വന്നകാലം മുതല്‍ തന്നെ വിവിധ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പുട്ടുറുമ്മീസും മൃഗയും അയ്യർ ദ ഗ്രേറ്റുമെല്ലാം അത്തരത്തിലുളള സിനിമകളാണ്. അന്നത്തെ അതേ ആവേശത്തോടെയാണ് ഇന്നും സിനിമയെ സമീപിക്കുന്നത്. അന്ന് എല്ലാം നമ്മുടെ ആഗ്രഹത്തിനൊത്ത് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഇന്ന് അതിന് സാധിക്കുന്നുണ്ട്.അത് ഉപയോഗപ്പെടുത്തുകയാണ്. നല്ല സിനിമകളായിരിക്കും മമ്മൂട്ടി കമ്പനി ഇറക്കുകയെന്നുളള വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അതൊരു വലിയ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

ടർബോ എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന സിനിയമായിരിക്കുമെന്ന് തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. മലയാള സിനിമയുടെ ഏറ്റവും നല്ല വർഷത്തിലൂടെയാണ് കടന്ന് പോകുന്നത് .മഞ്ഞുമല്‍ ബോയ്സ്, ആവേശം, പ്രേമലു തുടങ്ങിയ ചിത്രങ്ങളുടെ വിജയം പ്രചോദനമാണ്. ഈ വിജയങ്ങള്‍ എല്ലാവർഷം ആവർത്തിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും മിഥുന്‍ പറഞ്ഞു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കന്നഡ നടൻ രാജ് ബി.ഷെട്ടി പറഞ്ഞു. ആദ്യം ഭയമുണ്ടായിരുന്നു. എന്നാല്‍ കൂടെയുളളവരെയും കൂളാക്കുന്നയാളാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് നടി അഞ്ജന ജയപ്രകാശ് പറഞ്ഞു. ട്രൂത്ത് ഫിലിംസാണ് ചിത്രം ഗള്‍ഫില്‍ വിതരണത്തിന് എത്തിക്കുന്നത്. ട്രൂത്ത് ഫിലിംസിന്‍റെ അബ്ദുൽ സമദും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.ഈ മാസം 23 നാണ് ടർബോ റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in