സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യമുളള ചിത്രമാണ് 'ക്രിസ്റ്റഫർ':മമ്മൂട്ടി

സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യമുളള ചിത്രമാണ് 'ക്രിസ്റ്റഫർ':മമ്മൂട്ടി
Published on

സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യമുളള സിനിമയാണ് ക്രിസ്റ്റഫർ എന്ന് മമ്മൂട്ടി. പുരുഷകഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീ കഥാപാത്രങ്ങളുളള സിനിമയാണ് ഇത്.സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ കുറിച്ചും, അത് പ്രതിരോധിക്കുന്നതിനെ കുറിച്ചുമുളള സിനിമയാണിതെന്നും ദുബായില്‍ അദ്ദേഹം പറഞ്ഞു.നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന സിനിമയാണ് ക്രിസ്റ്റഫർ. സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായില്‍ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു മമ്മൂട്ടി.

ക്രിസ്റ്റഫർ എന്ന സിനിമയിലെ കഥാപാത്രം ചോദിച്ച് വാങ്ങിയതാണെന്ന് നടി ഐശ്വര്യലക്ഷ്മി പറഞ്ഞു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാനും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുമായാണ് ഈ സിനിമയിലെ കഥാപാത്രം ചോദിച്ച് വാങ്ങിയതെന്നും ഐശ്വര്യലക്ഷ്മി പറഞ്ഞു. പണ്ട് കാലത്തെ സിനിമാ ഷൂട്ടിംഗിന്‍റെ കാര്യങ്ങളൊക്കെ അദ്ദേഹം പറയും. ഒരു മാസ്റ്റർ ക്ലാസില്‍ പങ്കെടുക്കുന്നത് പോലെയാണ് ക്രിസ്റ്റഫറിന്‍റെ ലൊക്കേഷന്‍ തനിക്ക് അനുഭവപ്പെട്ടതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

വിമർശനങ്ങളുടെ നല്ലതും ചീത്തയും അന്വേഷിച്ച് പോയിട്ട് കാര്യമില്ല.എന്നാല്‍ വിമർശങ്ങള്‍ പരിഹാസങ്ങളാകരുത്. അതിരുവിട്ടുപോകുന്നത് അവിടെയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഫാന്‍ എന്ന പ്രയോഗം തന്നെ തനിക്ക് വിഷമമുണ്ടാക്കുന്നതാണ്. ഫാന്‍സ് മാത്രമാണ് തന്‍റെ സിനിമ കാണുന്നതെന്നും മമ്മൂട്ടി ചോദിച്ചു.ബാക്കിയുളളവരാരും ഫാന്‍സ് അല്ലേ, സിനിമ കാണുന്നവരെല്ലാം ഫാന്‍സാണെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ എല്ലാവർക്കും വേണ്ടിയുളളതാണ്. അല്ലാതെ സിനിമ നിലനില്‍ക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. കണ്ണൂർ സ്ക്വാഡ് എന്ന സിനിമയുടെ പേര് അബദ്ധവശാല്‍ താന്‍ പറഞ്ഞുപോയതാണ്. എന്നാല്‍ ഇനി പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ചിത്രത്തിന്‍റെ പേരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം സ്നേഹയും ഐശ്വര്യലക്ഷ്മിയും രമ്യസുരേഷും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയർമാന്‍ അബ്ദുള്‍ സമദും ദേര വോക്സില്‍ നടന്ന വാർത്താസമ്മേളത്തില്‍ പങ്കെടുത്തു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ സ്നേഹ, ഐശ്വര്യലക്ഷ്മി, അമലാ പോള്‍, ശരത് കുമാർ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.നാളെ (ഫെബ്രുവരി മൂന്ന്) വൈകീട്ട് ആറുമണിക്ക് യുഎഇയില്‍ ഉളള ആരാധകർക്കായി അറേബ്യന്‍ സെന്‍റർ ദുബായില്‍ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്‍റെ ഗ്ലോബല്‍ ലോഞ്ച് നടക്കും. ഫെബ്രുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in