എബിന്‍റെ സങ്കടത്തിന് യൂസഫലിയുടെ ആശ്വാസം, അച്ഛന്‍റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ്

എബിന്‍റെ സങ്കടത്തിന് യൂസഫലിയുടെ ആശ്വാസം, അച്ഛന്‍റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ്
Published on

സൗദി അറേബ്യയില്‍ മരിച്ച അച്ഛന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടിയാണ് നെടുമങ്ങാട് സ്വദേശി എബിന്‍ ലോക കേരള സഭയുടെ ഓപ്പണ്‍ ഫോറത്തിലെത്തിയത്. സൗദിയിൽ ലിഫ്റ്റിന് വേണ്ടിയെടുത്ത കുഴിയിൽ വീണ് എബിന്‍റെ പിതാവ് ബാബു വെള്ളിയാഴ്ചയാണ് സൗദി അറേബ്യയില്‍ മരിച്ചത്. അച്ഛന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതേടിയാണ് ഓപ്പണ്‍ ഫോറത്തില്‍ ഡോ എം എ യൂസഫലിക്ക് മുന്നില്‍ എബിനെത്തിയത്. സദസ്സിൽ തിങ്ങിനിറഞ്ഞ ചോദ്യകർത്താക്കളിൽ നിന്നും എബിന്‍റെ നേരെ ഡോ.യൂസഫലി കൈനീട്ടി ആ ആവശ്യം ഏറ്റുവാങ്ങുകയായിരുന്നു, ഒരു നിയോഗം പോലെ. സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ബാബുവിന്‍റെ മൃതദേഹം. മൂന്നരവർഷം മുന്‍പാണ് ബാബു അവസാനമായി നാട്ടിലെത്തിയത്. അച്ഛന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന എബിന്‍റെ വാക്കുകള്‍ നിശബ്ദമായി സദസ് കേട്ടു. സദസ്സില്‍ വച്ചുതന്നെ തന്‍റെ സൗദിയിലുളള ടീമിനെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു എം എ യൂസഫലി. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യാന്‍ നിർദ്ദേശിച്ചു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസം അച്ഛന്റെ ഒരു സുഹൃത്താണ് അപകടവിവരം അറിയിച്ചത്.

ഭൗതികശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തു. അതിനു ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ വന്നിരുന്നു. അങ്ങനെ ആരുമില്ലാത്തതാണ് എബിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിത്. അച്ഛൻ അകാലത്തിൽ വിടവാങ്ങിയതിനൊപ്പം മൃതദേഹം പോലും നാട്ടിലെത്തിക്കാൻ സാധിക്കുന്നില്ല വേദന യുസഫലിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സുഹൃത്ത് സജീറാണ് ഉപദേശിച്ചതെന്ന് എബിൻ പറയുന്നു.

സൗദിയിൽ ടൈൽ പണി ചെയ്യുന്ന ബാബു 11 വർഷമായി സൗദിയിലാണ്. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. ഉഷയാണ് എബിന്‍റെ അമ്മ. പ്ലസ് ടു വിദ്യാർഥിയായ വിപിൻ സഹോദരനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in