എക്‌സ്‌പോ 2020 ദുബായ് വലിയ വിജയമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മഹാമാരിക്കിടയിലും എക്‌സ്‌പോ വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്നുളളതില്‍ അധികൃതര്‍ക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലെ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു എം എ യൂസഫലി. അതേസമയം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഓഹരി വിപണിയിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹം സ്ഥിരീകരിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനമടക്കമുളള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ലുലുവിന്റെ പുതിയ ഔട്ട്‌ലെറ്റ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍
ലുലുവിന്റെ പുതിയ ഔട്ട്‌ലെറ്റ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഫുത്തൈം ഗ്രൂപ്പ് സിഇഒയും വൈസ് ചെയര്‍മാനുമായ ഒമര്‍ അല്‍ ഫുത്തൈം ഉദ്ഘാടന ചടങ്ങിനെത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം എ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.
ദുബായുടെ നഗരവികസനത്തെ പ്രതിഫലിപ്പിക്കുന്ന മേഖലയാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ഇവിടെ താമസിക്കുന്നവര്‍ക്കുന്നവര്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്ന് എം എ യൂസഫലി പറഞ്ഞു. അല്‍ ഫുത്തൈം മാളിലെ രണ്ടാം ലുലുവും വലിയ വിജയമാകുമെന്ന് അല്‍ ഫുത്തൈം ഗ്രൂപ്പ് ഡയറക്ടര്‍ തിമോത്തി ഏണസ്റ്റ് പറഞ്ഞു.
ഈ മാസം ആദ്യം ദുബായ് ഇന്‍വെസ്റ്റ് മെന്റ് പാര്‍ക്കിലും അബുദബി ഷംക മാളിലും ലുലു പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നിരുന്നു. ഈ മാസം തന്നെ സൗദി അറേബ്യ, ബഹ്‌റിന്‍, ഒമാന്‍ എന്നിവിടങ്ങളിലും പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്.