യുഎഇയിലെ വിവിധ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ 70 ഓളം വിവിധ തരം മാമ്പഴങ്ങളൊരുക്കി "കിംഗ്ഡം ഓഫ് മാംഗോസ് " ആരംഭിച്ചു. ഷാർജ ബു തിന ലുലു ഹൈപ്പർ മാർക്കറ്റില്‍ ഷാർജ മുനിസിപ്പാലിറ്റി ആരോഗ്യനിയന്ത്രണവിഭാഗം തലവന്‍ അലി സുലൈമാന്‍ ഈസ മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ നടന്‍ ജയസൂര്യയാണ് കിംഗ്ഡം ഓഫ് മാംഗോസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്രൂപ്പ് ഗ്രൂപ്പ് ഡയറക്ടർ എം എ സലീമും സന്നിഹിതനായിരുന്നു.
മാമ്പഴങ്ങളെല്ലാം കണ്ടപ്പോള്‍ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് പോയെന്ന് ജയസൂര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. മാമ്പഴങ്ങളുടെ ഇത്രയധികം വൈവിധ്യങ്ങള്‍ ആദ്യമായാണ് ഒരുമിച്ച് കാണുന്നത്.ലോകത്തിന്‍റെ വിവിധ ഭാഗത്തുളള മലയാളികളെ കൂട്ടിയിണക്കുന്ന പാലമാണ് ലുലുവെന്നും ജയസൂര്യ പറഞ്ഞു.
ഉപഭോക്താക്കള്‍ക്കായി മാമ്പഴം കൊണ്ടുളള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. യുഎഇയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുളള മാമ്പഴങ്ങള്‍ കിംഗ്ഡം ഓഫ് മാംഗോസിലൂടെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഗ്രൂപ്പ് ഡയറക്ടർ എം എ സലീമും പറഞ്ഞു.
ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുളള മധുരമൂറുന്ന മാമ്പഴങ്ങളാണ് ലുലുവില്‍ ഒരുക്കിയിട്ടുളളത്. യുഎഇ മലേഷ്യ, കെനിയ, ബ്രസീല്‍, പെറു,തായ് ലാന്‍റ്, ശ്രീലങ്ക, ഇന്തോന്വേഷ്യ, വിയറ്റ്നാം, ഫിലീപീന്‍സ്, കൊളംബിയ, മെക്സികോ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുളള മാമ്പഴങ്ങളും ലുലുവിലുണ്ട്.