പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി 'കർണിക', സിനിമയുടെ വരുമാനം വയനാട് പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്ക്

പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി 'കർണിക', സിനിമയുടെ വരുമാനം വയനാട് പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്ക്
Published on

നവാഗതനായ അരുണ്‍ വെണ്‍പാല കഥയും സംവിധാനവും നിർവ്വഹിച്ച കർണികയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ആഗസ്റ്റ് 30 ന് യുഎഇയില്‍ റിലീസ് ചെയ്ത ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. ഹൊറർ ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ ഒരുക്കിയതാണ് ക‍ർണിക. പ്രിയങ്ക നായരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ടിജി രവിയും പ്രധാന കഥാപാത്രമായെത്തുന്നു. നായക കഥാപാത്രമായ ക‍ർണനായി എത്തുന്നത് പുതുമുഖ നടനായ കർണനാണ്. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരിയാണ് സിദ്ധാർത്ഥായെത്തുന്നത്. വിനോദായി സുന്ദർ പാണ്ഡ്യനും സൂര്യനാരായണന്‍ നമ്പൂതിരിയായി ക്രിസ് വേണുഗോപാലും മുത്തച്ഛനായി കുഞ്ഞികണ്ണന്‍ ചെറുവത്തൂരുമെത്തുന്നു.

വിശ്വാസവും ആചാരവും വർത്തമാന കാലത്തോട് ഇഴചേർത്ത് വച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ആദ്യാന്തം പ്രേക്ഷകനെ ത്രില്ലടിപ്പിച്ചിരുത്താന്‍ കർണികയ്ക്ക് സാധിച്ചിട്ടുണ്ട്. പഴയ തറവാട്ടിലെ വിശ്വാസവുമായി ബന്ധപ്പെട്ടുളള കഥ പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. ആ വിശ്വാസവും പിന്നീട് വരുന്ന തലമുറകളുടെ വർത്തമാന കാല ജീവിതവും ചേർത്ത് വച്ച് സിനിമ പ്രേക്ഷകനെ മുന്നിലേക്ക് കൊണ്ടുപോകുന്നു.

ദുബായില്‍ നടന്ന റെഡ് കാ‍ർപെറ്റ് ചടങ്ങില്‍ സോഹന്‍ റോയ് സംസാരിക്കുന്നു
ദുബായില്‍ നടന്ന റെഡ് കാ‍ർപെറ്റ് ചടങ്ങില്‍ സോഹന്‍ റോയ് സംസാരിക്കുന്നു

പ്രിയങ്കയുടെയും ടിജി രവിയുടേയും അഭിനയ മികവിനൊപ്പം പുതുമുഖ താരങ്ങളും മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ചവച്ചിരിക്കുന്നത്. പുതമുഖങ്ങളായി എത്തിയ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിംഗ് കലാകാരന്മാരും സിനിമയില്‍ പ്രധാന പങ്ക് വഹിച്ചു. പ്രധാന കഥാപാത്രമായ കർണനായി അഭിനയിച്ച കർണന് ശബ്ദം നല്‍കിയത് പ്രവീണ്‍ ഹരിശ്രീയാണ്. കർണികയായി എത്തിയ ഐശ്വര്യദീപ്തിയ്ക്ക് ദീപിക ആനന്ദും, എബ്രഹാം മാത്യുവായി എത്തിയ ശ്രീകാന്ത് ശ്രീകുമാറിന് ബെന്നി എബ്രഹാമും നന്ദനായി എത്തിയ ഗോകുലിന് ആർണവ് വിഷ്ണുവും സാമുവലായി എത്തിയ ജോസ് കടയിലിന് രാജന്‍ ഇടുക്കിയുമാണ് ശബ്ദം നല്‍കിയത്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതമൊരുക്കിയത് പ്രദീപ് ടോം ആണ്. നവാഗതപരിഭ്രങ്ങളില്ലാതെയാണ് അരുണ്‍ സിനിമയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും അരുണാണ്.

ബിബിസി യ്ക്കും നാഷണൽ ജോഗ്രഫിക്കിനും വേണ്ടി അൻപതിൽ പരം ഡോക്യുമെന്‍ററി ഫിലിമുകൾക്കായി ക്യാമറ ചലിപ്പിച്ച അശ്വന്ത് മോഹനാണ് സിനിമയുടെ ഡി ഒ പി.അശ്വന്ത് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ മലയാള സിനിമയാണിത്. ചിത്രത്തിന്‍റെ ലാഭം വയനാട് പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ദുബായ് സ്റ്റാർ സിനിമാസില്‍ നടന്ന റെഡ് കാർപെറ്റ് പരിപാടിയില്‍ ചിത്രത്തിന്‍റെ പ്രൊജക്റ്റ് ഡിസൈനർ കൂടിയായ സോഹൻ റോയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ നിർമ്മാതാവ് വേണു കുന്നപ്പളളി, അഭിനി സോഹൻ റോയ് എന്നിവരും സംബന്ധിച്ചു. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച ചിത്രം ഫാർസ് ഫിലിംസാണ് യുഎഇയില്‍ എത്തിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in