മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യ നിര്‍വഹണമാണ് തനിക്ക് മാധ്യമപ്രവർത്തനമെന്ന് മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. സാധാരണക്കാര്‍ക്ക് വേണ്ടി തുടര്‍ന്നും നിലകൊള്ളണമെന്നാണ് ആഗ്രഹമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംവാദത്തില്‍ പങ്കെടുക്കവേ അവര്‍ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു. 'ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്' എന്ന ബര്‍ഖയുടെ പുസ്തകത്തെ ആധാരമാക്കി ബുക് ഫോറത്തില്‍ നടന്ന സംവാദം ശക്തവും തെളിഞ്ഞതുമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. കോവിഡ് മാഹാമാരി കാലയളവില്‍ ധൈര്യപൂര്‍വം ജനങ്ങളിലേക്കിറങ്ങി ബര്‍ഖ ദത്ത് നടത്തിയ റിപ്പോര്‍ട്ടിംഗിന്റെ പുരാവൃത്തമാണ് ഈ പുസ്തകം. വലിയ ജനശ്രദ്ധയും അംഗീകാരവും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പുസ്തകത്തിനും ലഭിച്ചു. ചില കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളെ അവര്‍ സ്വാഭാവികമെന്ന് വിശേഷിപ്പിച്ചു.
സാധാരണ മനുഷ്യര്‍ക്കായി നിലയുറപ്പിക്കേണ്ടതിന്‍റെ മനസ്സാണ് തന്നെക്കൊണ്ട് കോവിഡിന്‍റെ രൂക്ഷതയില്‍ ഫീല്‍ഡ് റിപ്പോര്‍ട്ടിംഗ് ചെയ്യിച്ചതെന്ന് പറഞ്ഞ ബര്‍ഖ ദത്ത്, ജനങ്ങളിലേക്ക് ശരിയായ വിവരമെത്തിക്കാന്‍ 120 ദിവസമെടുത്ത് 14 സംസ്ഥാനങ്ങളില്‍ 30,000 കിലോമീറ്ററിലധികം താന്‍ സഞ്ചരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 1000ത്തിലധികം വീഡിയോ സ്‌റ്റോറികളാണ് അക്കാലയളവില്‍ ചെയ്തത്. ഒരു വിഷ്വല്‍ സ്‌റ്റോറിക്ക് പെട്ടെന്ന് ജനങ്ങളിലെത്താന്‍ കഴിയും. അതിന്‍റെ രേഖപ്പെടുത്തലാണ് പുസ്തകത്തിലുള്ളത്. മഹാമാരി കാലത്ത് വലിയ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ മിക്കവരും സ്റ്റുഡിയോയിലിരുന്നപ്പോള്‍, കുറഞ്ഞ വിഭവങ്ങളുള്ള കുഞ്ഞു നാട്ടു ഭാഷാ മാധ്യമ സ്ഥാപനങ്ങള്‍ പുറത്തിറങ്ങി യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. മൈന്‍ഡ് ഓഫ് ജസ്റ്റിസ് ഉള്ളവര്‍ ജനങ്ങളുടെ അനുഭവങ്ങള്‍ അധികാരികളിലെത്തിച്ചു. മഹാമാരിക്കാലത്ത് ബ്രോഡ്കാസ്റ്റ് മീഡിയക്ക് ശക്തമായ സ്‌റ്റോറികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ നിരാശപ്പെടുത്തി. സ്റ്റുഡിയോ കവറേജുകളാണ് പല സ്ഥാപനങ്ങളും നല്‍കിയത്. ജനങ്ങള്‍ക്ക് മോശം വാര്‍ത്തകള്‍ ആവശ്യമില്ല. നല്ല വാര്‍ത്തകള്‍ നല്‍കാന്‍ ശ്രമിക്കുക. അതിനാല്‍, അവരുടെ നേരവസ്ഥകള്‍ പറയാനാണ് തുനിഞ്ഞത്. കുറഞ്ഞ ഒരു കാലയളവ് കൊണ്ട് ലോകത്തെ എങ്ങനെയാണ് മാറ്റാനാവുകയെന്ന് കോവിഡ് നമുക്ക് കാണിച്ചു തന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ കുടിയേറ്റ തൊഴിലാളികളെ കോവിഡ് എങ്ങനെ ദോഷകരമായി ബാധിച്ചുവെന്ന് ബര്‍ഖ പുസ്തകത്തില്‍ വരച്ചു കാട്ടിയിട്ടുണ്ട്. ഭക്ഷണത്തിന് വേണ്ടി തങ്ങളുടേതെല്ലാം വിറ്റഴിച്ച ജനങ്ങളെ ഇതില്‍ കാണാം. കോവിഡില്‍ മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് ഇല്ലത്തതും അക്കാലയവളില്‍ ഗതാഗതം നിര്‍ത്തി വെച്ചതും വലിയ തെറ്റായിരുന്നുവെന്നും ബര്‍ഖ പറയുന്നു.
പ്രായമായവരുടെ അറ്റമില്ലാത്ത സങ്കടങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. വളരെ ചെറിയ മരണാനന്തര വീടിനെ കുറിച്ചുള്ള കഥയാണ് തനിക്കേറെ മനസ്സില്‍ പതിഞ്ഞ ഭാഗമെന്ന് ചോദ്യത്തോട് ബര്‍ഖ പ്രതികരിച്ചു. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആചാരങ്ങള്‍ തയാറാക്കി വച്ച ഈ കുഞ്ഞു വീട് ഒറ്റയ്ക്ക് കഴിയുന്ന മനുഷ്യര്‍ക്ക് ജീവിതത്തോട് വിട പറയാനുള്ള അവസാന താവളമാണ്. ലോക്ക്ഡൗണ്‍ ഇടവേളയില്‍ പുറപ്പെട്ട ആദ്യ ട്രെയിനില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ കൈ വീശി യാത്ര പറഞ്ഞപ്പോള്‍ അത് മനസ്സില്‍ ശാന്തി നിറച്ചു. താന്‍ നടത്തിയ റിപ്പോര്‍ട്ടിംഗ് സാര്‍ത്ഥകമെന്ന് തോന്നി. നിരവധി ഇലക്ഷന്‍, പൊളിറ്റിക്കല്‍ കവറേജുകള്‍ താന്‍ ചെയ്തിട്ടുണ്ടെങ്കിലും, കോവിഡ് സമയത്ത് ആകെ അപ്‌സെറ്റായിപ്പോയി. രണ്ടാം തരംഗത്തില്‍ സ്‌കൂളുകള്‍ തുറന്നതും, ഇലക്ഷന്‍ നടത്തിയതും സര്‍ക്കാര്‍ വരുത്തിയ വലിയ തെറ്റുകളായിരുന്നു. അതിനെതിരെ ശക്തമായ നിലപാടെടുത്തു. ഈയവസരത്തില്‍ ജനങ്ങളെ കരുതാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യില്ലെന്ന തീരുമാനമെടുത്തു. അത് നല്ലൊരു നീക്കമായിരുന്നുവെന്ന് കരുതുന്നു. മാനുഷിക പ്രതിസന്ധികളുടെ കഥകളാണ് ബര്‍ഖ ദത്ത് 'ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്' എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്നും അവർ പറഞ്ഞു.അഞ്ജനാ ശങ്കര്‍ (ദി നാഷണല്‍) മോഡറേറ്ററായിരുന്നു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ബര്‍ഖ ദത്ത് മറുപടി പറഞ്ഞു. 'ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്' എന്ന പുസ്തകത്തിന്‍റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു.