ജോലി തേടിയെത്തി, ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതക്കയത്തിലായി , സഹായഹസ്തമേകി മലയാളികൂട്ടായ്മ
ഉമ്മുല്‍ ഖുവൈന്‍: വിസ എടുത്തു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സന്ദർശക വിസയില്‍ യുഎഇ യിലെത്തിയ തൊഴിലാളികള്‍ക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ സഹായം നല്‍കി മലയാളി കൂട്ടായ്മയായ യൂണിക്ക് ഫ്രണ്ട്സ് ഓഫ് കേരള. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 13 പേരാണ്, ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു പോകാനായി കാത്തിരിക്കുന്നത്. ഒരു ലക്ഷം രൂപ ഏജന്‍റിന് നല്‍കിയാണ്, ഉമ്മുല്‍ ഖുവൈനിലേക്ക് കഴിഞ്ഞ വർഷം ഒക്ടോബർ നവംബർ മാസങ്ങളിലായി നാല്‍പതോളം പേരെത്തിയത്. മൂന്ന് മാസം സന്ദർശക വിസയില്‍ ജോലി ചെയ്തു. കാലാവധി തീർന്നപ്പോള്‍ ജോലി വിസ നല്‍കുമെന്ന് പറഞ്ഞും പണിയെടുപ്പിച്ചു. അതോടെ യുഎഇയില്‍ അവർ അനധികൃത താമസക്കാരായി.
മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി വിസ നല്‍കിയില്ല. ശമ്പളത്തെ കുറിച്ചും വിസയെകുറിച്ചും ചോദിച്ചപ്പോഴൊക്കെ, ഉത്തരവാദപ്പെട്ടവർ പല ഒഴിവുകഴിവുകളും പറഞ്ഞു. ഭക്ഷണവും വെളളവും ഇല്ലാതെ നരകതുല്യമായ ജീവിതമായി മാറി. താമസിക്കുന്ന സ്ഥലത്ത് വാടക നല്‍കാത്തതിനാല്‍, അവിടെനിന്ന് ഇറങ്ങി വരേണ്ട അവസ്ഥയിലായി. പലരും പല വഴിക്ക് തിരിഞ്ഞു. ഇതിനിടെ ചിലർക്ക് നാട്ടിലേക്ക് മടങ്ങാനായി. വെളളം പോലും കുടിക്കാന്‍ പണമില്ലാത്തപ്പോള്‍, നാട്ടിലേക്കെത്തുകയെന്നുളളത് സ്വപ്നമായി മാറി. ആള്‍താമസമില്ലാത്ത പൊളിഞ്ഞ കെട്ടിടത്തില്‍, കനത്തചൂടില്‍, അഭയാർത്ഥികളായി കുറെ മനുഷ്യർ. റമദാന്‍ കാലത്ത്, ഭക്ഷണം വിതരണം ചെയ്ത ക്യാംപുകളിലൊന്നില്‍ നിന്നാണ് ഇവരെ കുറിച്ച് യുണീക് ഫ്രണ്ട്സ് ഓഫ് കേരള അറിയുന്നത്. ഇവരുടെ അരികിലെത്തിയപ്പോഴാണ്, ദുരിതാവസ്ഥ ശരിക്കുമറിഞ്ഞത്. പിന്നീട്, യൂണിക് ഫ്രണ്ട്സ് ഓഫ് കേരള പ്രതിനിധികള്‍ തന്നെ മുന്‍കൈയ്യെടുത്ത്, നിയമപരമായ കാര്യങ്ങള്‍ ശരിയാക്കി. 13 പേരില്‍ 3 പേർക്ക് ഔട്ട്പാസ് കിട്ടിയിട്ടുണ്ട്.
13 പേരില്‍ 7 പേരുടെ നിയമപരമായ കാര്യങ്ങള്‍ ഷാർജ എമിറേറ്റിലും,3 പേരുടേത് അബുദബിയിലും പുരോഗമിക്കുകയാണ്. റമദാന്‍ അവധി കഴിയുന്നതോടെ ഇവർക്കും നാട്ടിലേക്കെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.