യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്കില്‍ വരും ദിവസങ്ങളില്‍ കുറവുണ്ടായേക്കമെന്ന് പ്രതീക്ഷ. അവധിക്കാലം ആരംഭിച്ച് ആഴ്ച കഴിഞ്ഞതും ഈദ് അവധി കഴിഞ്ഞതുമാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമാകുമെന്ന് വിലയിരുത്തുന്നത്. സാധാരണയായി സ്കൂളുകള്‍ അടയ്ക്കുന്ന ആഴ്ചയിലും അതിന് ശേഷമുളള ആഴ്ചയിലുമാണ് ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധനവുണ്ടാകുന്നത്. ഇത്തവണ ഈദ് അവധിയും ഒരുമിച്ച് വന്നതോടെ വലിയ വർദ്ധനവാണ് ടിക്കറ്റ് നിരക്കില്‍ രേഖപ്പെടുത്തിയത്.
എന്നാല്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ഇപ്പോഴും ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് ഒരുപരിധിക്ക് താഴെ ടിക്കറ്റ് നിരക്ക് കുറയില്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ജൂലൈ രണ്ടാം വാരം മുതല്‍ ഓഗസ്റ്റ് രണ്ടാം വാരം വരെ ടിക്കറ്റ് നിരക്കില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. അതായത് നാലംഗ കുടുംബം യാത്ര ചെയ്യുമ്പോള്‍ ശരാശരി 760 ദിർഹം വരെ ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടാകാം. ഹിജ്രി അവധി വാരാന്ത്യ അവധിയോട് ചേർന്ന് വരുന്നതുകൊണ്ടുതന്നെ ആ ദിവസങ്ങളില്‍ പൊതുവെ ടിക്കറ്റ് നിരക്ക് വർദ്ധനവുണ്ട്.
ഇത്തവണ ജൂണ്‍ 20 മുതല്‍ ജൂലൈ 15 വരെ ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധന രേഖപ്പെടുത്തി. അതേസമയം ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബർ 10 വരെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയരും. ആഗസ്റ്റ് 29 നാണ് ഇത്തവണ തിരുവോണം. അതോടൊപ്പം സ്കൂളുകള്‍ മധ്യവേനല്‍ അവധികഴിഞ്ഞ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത് ആഗസ്റ്റ് അവസാനത്തോടെയാണ്. ഇതുരണ്ടും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം വിമാന ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത് വിമാനക്കമ്പനികളാണെന്നും ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നുമുളള കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാണ്. അഭ്യന്തര വിമാനനിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യം ചൂണ്ടിക്കാട്ടി സിപിഐ എംപി ബിനോയ് വിശ്വം, അടൂർ പ്രകാശ് എംപി എന്നിവർ നൽകിയ കത്തിന് മറുപടിയായിട്ടാണ് വ്യോമയാന മന്ത്രി ജ്യോതിരാതിദ്യസിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുക, ചാർട്ടേഡ് വിമാനസർവ്വീസുകളുടെ സാധ്യത പരിശോധിക്കുക, വിമാനകമ്പനികള്‍ക്ക് കൂടുതല്‍ സർവ്വീസുകള്‍ നടത്താനുളള സാഹചര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രവാസികള്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുളളതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ജ്യോതിരാതിദ്യസിന്ധ്യക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.