പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച യുഎഇ സന്ദർശിക്കും. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടികാഴ്ച നടത്തും. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.
ഫ്രാന്‍സ് സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോദി അബുദബിയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു ഭരണാധികാരികളും ചർച്ച നടത്തും. യുഎഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടി (കോപ്) യുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ഫ്രാന്‍സിലെത്തുന്നത്. ഫ്രാന്‍സിന്‍റെ ദേശീയ ദിനമായ ബാസ്റ്റീല്‍ ദിനത്തില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായും മറ്റ് ഉന്നത വ്യക്തിത്വങ്ങളുമായും അദ്ദേഹം കൂടികാഴ്ച നടത്തും.