"എന്താപ്പ, പുസ്തകം കണ്ടീനാ, വായിച്ചീനാ,ഞാനത് കാണാന്‍ കൊതിച്ചിരിക്കേന്ന്" ഫോണിനങ്ങേത്തലയ്ക്കല്‍ തനികണ്ണൂർ ഭാഷയില്‍ മുഖവുരകളൊന്നുമില്ലാതെ പതിനാറുകാരിയുടെ പ്രസന്നതയോടെ, ഷാർജയിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുന്ന എഴുത്തുകാരി സംസാരിച്ചുതുടങ്ങി. പുസ്തകോത്സവത്തില്‍ 'ഗന്ധവാഹിനി' കണ്ടുവെന്നുപറഞ്ഞപ്പോള്‍ അവിടേക്ക് എത്താനാകാത്തതിന്‍റെ സങ്കടം പങ്കുവച്ചു സരിത.
"എനിക്കെല്ലാമെന്‍റെ ഡയറിയാണ്, എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഞാനെഴുതും, കണ്ണീരില്‍ കുതിർന്ന അക്ഷരങ്ങളാണ് എന്‍റെ ജീവിതം"
സങ്കടങ്ങള്‍ കുറിച്ചിട്ട ഡയറിത്താളുകള്‍ 'ഗന്ധവാഹിനി'യെന്ന പുസ്തകമായി ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിതമാകുന്നതിന്‍റെ സന്തോഷം ആ ശബ്ദത്തില്‍ പ്രകടമായിരുന്നു.നവംബർ 10 ന് വൈകീട്ട് 6.30 നാണ് പുസ്തകത്തിന്‍റെ പ്രകാശനം. ആറ് കഥകളാണ് ഈ കഥാസമാഹാരത്തിലുളളത്.
പ്രവാസിയാക്കിയത് പ്രാരാബ്ധങ്ങള്‍
ഷാർജയില്‍ വർഷം തോറും നടക്കുന്ന പുസ്തകമേളയില്‍ പ്രകാശിതമാകുന്ന മലയാള പുസ്തകങ്ങള്‍ക്ക് പഞ്ഞമില്ല.എന്നാല്‍ അത്തരത്തിലൊരു പുസ്തകമല്ല ഗന്ധവാഹിനി. ആ കഥകള്‍ക്ക്പറയാനുളളത് 41 വർഷം പിന്നിട്ടൊരു സ്ത്രീ ജന്മത്തിന്‍റെ കഥയാണ്. ആരോടും പരാതികളില്ലാത്ത, പരിഭവമില്ലാത്ത ജീവിതത്തില്‍ താന്‍ കടന്നുപോയ നിമിഷങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു ഗന്ധവാഹിനിയെന്ന പുസ്തകത്തില്‍ സരിത. ഓർമ്മകള്‍ അക്ഷരസുഗന്ധമായ പുസ്തകത്തിന് മറ്റെന്ത് പേരിട്ട് വിളിക്കാന്‍.
ഷാർജയില്‍ ഒരുവീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുകയാണിപ്പോള്‍. അതിനിടയില്‍ കിട്ടുന്ന സമയത്താണ് ഡയറിയെഴുത്ത്. അങ്ങനെയെഴുതിയതെല്ലാം ചേർത്തുവച്ചപ്പോള്‍ പിറന്നതൊരു പുസ്തകം. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, പുസ്തകമെഴുതുമെന്ന്, അഭിമാനമുണ്ടതില്‍, സരിത പറയുന്നു.
ജീവിതപ്രാരാബ്ധമാണ് പ്രവാസിയാക്കിയത്. അബുദബിയിലെ ഒരു വീട്ടില്‍ കുഞ്ഞിനെ മലയാളം പഠിപ്പിക്കാനായി എത്തി. അനിയത്തിമുഖേനയായിരുന്നു അത്. പിന്നീട് ഷാർജയിലെത്തി.കടങ്ങളും പ്രാരാബ്ധങ്ങളും മൂലം പ്രവാസം തുടർന്നു. ഡിഗ്രി പഠനം തുടരുന്ന രണ്ട് പെണ്‍കുട്ടികളാണ് സരിതയ്ക്ക്. ഭർത്താവ് പക്ഷാഘാതം വന്ന് 10 വർഷത്തോളമായി ചികിത്സയിലാണ്. അച്ഛന്‍ മദ്യപാനിയായിരുന്നു, അമ്മ കഷ്ടപ്പെട്ടാണ് വളർത്തിയത്. എല്ലാ സങ്കടങ്ങളും അക്ഷരങ്ങളില്‍ ഉരുക്കി സരിത.ചെയ്യാത്ത ജോലികളില്ല, ആധാരമെഴുത്തും ലൈബ്രേറിയനും തുടങ്ങി ഏറ്റവുമൊടുവില്‍ വീട്ടുജോലിവരെ. ഒരിക്കല്‍ ജോലി ചെയ്ത ലൈബ്രറിയില്‍ തന്‍റെ തന്നെ പുസ്തകം വന്നല്ലോയെന്നുളളതിലാണ് സന്തോഷം.
അന്നം തേടി ദൂരേക്ക് പറന്ന
അമ്മക്കിളിയെ കാത്ത്
കൂടിനുളളില്‍ മിഴികള്‍ പാകി
കുഞ്ഞുങ്ങള്‍ ഇന്ന്
ഉറങ്ങാതിരിക്കുന്നു..
(ദൂരം എന്ന കവിതയിലെ വരികള്‍) ഓരോ അക്ഷരങ്ങളിലും കാണാം എഴുത്തുകാരിയുടെ അനുഭവച്ചൂട്.
ഇഷ്ടം മജ്ഞുവാര്യരെ, പുസ്തകം നല്‍കണമെന്നത് വലിയ ആഗ്രഹം
ഇഷ്ടമുളളതാരെയെന്ന് ചോദിച്ചാല്‍ സംശയമൊന്നുമില്ല മറുപടിയ്ക്ക്. മജ്ഞുവാര്യരെ, കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു.ജീവിതപ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍ പ്രചോദമാകുന്നത് അവരെന്ന് മറുപടി. മജ്ഞുവാര്യർക്ക് പുസ്തകം നല്‍കണമെന്നുളളതാണ് ഏറ്റവും വലിയ ആഗ്രഹം. യുഎഇ ഭരണാധികാരിയെ കാണണം, കുഞ്ഞുങ്ങളെ സന്ദർശകവിസയില്‍ ഒരിക്കല്‍ ഇവിടെ കൊണ്ടുവരണം..
കണ്ണീരുവീണ കാലത്തിന്
കനവുകളും കടമോ...
(തുറന്നിട്ട ജാലക വാതില്‍, സരിത പ്രമോദ് കുന്നരു)
നാട്ടിലുളളവർ തന്നെയാണ് എന്നും പിന്തുണനല്‍കിയിട്ടുളളത്. കുന്നരു വായനശാലയിലുടെ പരിപാടിയില്‍ അതിഥിയായിഎത്തിയപ്പോഴാണ് പ്രവീണ്‍ പാലക്കീലിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് പുസ്തകത്തില്‍ അവതാരിക എഴുതിയിട്ടുളളത്. കൈരളി ബുക്സ്, സുകുമാരന്‍ പേരിയച്ചൂർ അങ്ങനെ ഒരുപാട് പേർ. അവരോടെല്ലാം നന്ദിമാത്രമാണ് പറയാനുളളത്. സരിതയില്‍ നിന്ന് ഇനിയും പുസ്തകം പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് 'നമ്മടെ കഥയൊന്നും എഴുതിയാല്‍ തീരില്ലപ്പ'യെന്ന് കണ്ണൂർഭാഷയില്‍ മറുപടി.
കനവും കതിരും
കരിഞ്ഞ മരുഭൂമിയില്‍
മഴപെയ്തു,
ആ മഴ നനച്ചില്ല
നെറുകെ പ്രണയവും ചൊരിഞ്ഞില്ല
ഓരോർമ്മയും തന്നില്ല..(മഴപ്പൂക്കാലമെന്ന കവിതയില്‍ നിന്ന്)
അതെ സങ്കടങ്ങളുരുക്കി അക്ഷരങ്ങളാക്കി, അവള്‍ കഥയെഴുതുകയാണ്...