അതിഥികള്‍ വിരുന്നെത്തിയ ഷാ‍ർജ പുസ്തകോത്സവം

അതിഥികള്‍ വിരുന്നെത്തിയ ഷാ‍ർജ പുസ്തകോത്സവം
Published on

41 മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എല്ലാത്തവണത്തേയും പോലെ ഇത്തവണയും ലോക പ്രശസ്തരായ നിരവധിപേർക്ക് ആതിഥ്യമരുളി. വിവിധ മേഖലയിലുളളവരാണ് ഇത്തവണ അതിഥികളായി എത്തിയത്. ഇഷ്ടപ്രതിഭകളെ കാണാനും സംവദിക്കാനുമായി നിരവധി പേരാണ് ഓരോ ദിവസവും പുസ്തകോത്സവത്തിലേക്ക് എത്തിയത്.

കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത് ശ്രമകരം: രവി സുബ്രഹ്‌മണ്യന്‍

വായനയുടെ ലോകത്ത് നിന്നും കുട്ടികളെ കേവലമായി തള്ളിമാറ്റരുതെന്ന് പ്രശസ്ത എഴുത്തുകാരനും ബാങ്കിംഗ് മേഖലയിലെ വിദഗ്ധനുമായ രവി സുബ്രഹ്‌മണ്യന്‍. എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറ്റവും ശ്രമകരമായത് കുട്ടികള്‍ക്ക് വേണ്ടി എഴുതുക എന്നതാണ്. ചെറിയ പുസ്തകമാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കും. ഇത്തരം പുസ്തകങ്ങള്‍ എഴുതാന്‍ വളരെ എളുപ്പമാണെന്നും വിചാരിക്കും. പക്ഷെ വായനക്കാരില്‍ വളരെയധികം പ്രത്യേകതയുള്ളവരാണ് കുട്ടികള്‍. മുതിര്‍ന്നവര്‍ ഒരു പുസ്തകം മുഴുവനായി വായിച്ച് വിലയിരുത്തുമ്പോള്‍ കുട്ടികള്‍ ഓരോ പേജുകളും വിലയിരുത്തും. അവസാനത്തെ പേജ് വരെ കുട്ടികള്‍ കാത്തിരിക്കില്ല. ആദ്യത്തെ പേജില്‍ തന്നെ അവരെ പിടിച്ചിരുത്താന്‍ കഴിയണം. കുട്ടികള്‍ക്ക് വേണ്ടി എഴുതുമ്പോള്‍ ഓരോ പേജും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മള്‍ ശ്രദ്ധിച്ചിരിക്കും ഒരു പുസ്തകശാലയില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ ഭാഗം ശുഷ്‌കമായിരിക്കും. ഇത് ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണ്. കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നവരും കുറവായിരിക്കും. ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന രചനകളായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. ലാഭനഷ്ടങ്ങള്‍ നോക്കാതെ കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ തന്‍റെ രചനാ രീതികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു രവി സുബ്രഹ്‌മണ്യന്‍.ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന രവി സുബ്രഹ്‌മണ്യന്‍ ഈ മേഖലയിലെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ത്രില്ലറുകള്‍ എഴുതിയാണ് ശ്രദ്ധിക്കപ്പെട്ടത്.

പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ യാത്ര ചെയ്യണം: പികോ അയ്യര്‍

ഏത് പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാനും ജീവിതരീതികള്‍ മനസ്സിലാക്കാനും യാത്ര ചെയ്യണമെന്ന് ലോക പ്രശസ്ത സഞ്ചാര എഴുത്തുകാരന്‍ പികോ അയ്യര്‍. വര്‍ത്തമാന കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ലോക കാഴ്ചകള്‍ നമ്മള്‍ ആസ്വദിക്കുന്നു. അതിലെ പ്രധാനഭാഗങ്ങള്‍ നോക്കി ഓരോ സ്ഥലങ്ങളെയും നമ്മള്‍ വിലയിരുത്താറുണ്ട്. എന്നാല്‍ തെരുവിലൂടെ സഞ്ചരിച്ചുള്ള യാത്രാ അനുഭവം വേറിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ തന്റെ നാലര പതിറ്റാണ്ടിന്‍റെ യാത്രാ അനുഭവങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു പികോ അയ്യര്‍.

സഞ്ചാരങ്ങള്‍ വെറുമൊരു കാഴ്ചയാവരുത്. ഓരോ ദേശങ്ങളിലും നമ്മള്‍ കണ്ടുമുട്ടുന്ന വ്യക്തികളുമായി ആഴത്തില്‍ പരിചയപ്പെടാനും സംവദിക്കാനും കഴിയണം. മോഹിപ്പിക്കുന്ന കാഴ്ചകള്‍പ്പുറം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഒരു സഞ്ചാരി എത്തിപ്പെടേണ്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിരമിച്ച് കെട്ടിടങ്ങള്‍ക്കുള്ളില്‍ ചടഞ്ഞു കൂടുന്ന ശീലങ്ങളില്‍ നിന്നും പുതിയ തലമുറ മാറി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിക്കോ അയ്യര്‍ എന്നറിയപ്പെടുന്ന സിദ്ധാര്‍ത്ഥ് പിക്കോ രാഘവന്‍ അയ്യര്‍ ബ്രിട്ടനില്‍ ജനിച്ച ലോകമറിയുന്ന ഉപന്യാസകാരനും നോവലിസ്റ്റുമാണ്. കാഠ്മണ്ഡുവിലെ വീഡിയോ നൈറ്റ്, ദി ലേഡി ആന്‍ഡ് ദി മോങ്ക്, ദി ഗ്ലോബല്‍ സോള്‍ തുടങ്ങി സംസ്‌കാരങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.

ഞാന്‍ എന്ന സ്വത്വത്തെ തിരിച്ചറിയുന്നതാണ് ആരോഗ്യം: ദീപക് ചോപ്ര

പേരുകളിലൂടെ അറിയപ്പെടുന്ന വ്യക്തിയെ മാറ്റിനിര്‍ത്തി ശരീരത്തിലെ ആത്മാവിനെ കണ്ടെത്തി സ്വയം നിയന്ത്രണ വിധേയമാക്കുന്നതിലൂടെ സ്വത്വത്തെ തിരിച്ചറിയാനാവുമെന്ന് പ്രശസ്ത ആര്‍ട്ടര്‍നേറ്റ് മെഡിസിന്‍ വിദഗ്ധനും ഗ്രന്ഥകാരനുമായ ദീപക് ചോപ്ര. ജീന്‍ എഡിറ്റിംഗിലൂടെയും തെറാപ്പിയിലൂടെയും രോഗങ്ങളെ മാറ്റിയെടുക്കാനുള്ള ശാസ്ത്രീയ രീതികള്‍ ആധുനിക മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അഹം അറിഞ്ഞുകൊണ്ടുള്ള ജീവിത നിയന്ത്രണങ്ങളിലൂടെ വ്യക്തി സൗഖ്യം സാധ്യമാവും.41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ക്ഷേമത്തിന്‍റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് ചോപ്ര.

ഭാവിയുടെ വിജയത്തിന് നിത്യജീവിതത്തില്‍ ഏഴ് കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ ശരീരവും ആത്മാവും രോഗവിമുക്തമാകും. ഉറക്കം, മെഡിറ്റേഷന്‍, ശരീര ചലനങ്ങള്‍, വികാരം, ഭക്ഷണം, പ്രകൃതി സമ്പര്‍ക്കം, സ്വയം തിരിച്ചറിവ് തുടങ്ങിയ ഏഴ് സ്തംഭങ്ങളില്‍ ജീവിതം അടിസ്ഥാനപ്പെടുത്തിയാല്‍ സൗഖ്യം ഉറപ്പിക്കാനാവും. മനുഷ്യ ശരീരത്തിന്‍റെ ഭൂരിഭാഗവും രാസപദാര്‍ത്ഥങ്ങളാണ്. മനുഷ്യ ശരീരത്തെ ശാസ്ത്രീയമായി മാത്രം വിലയിരുത്തുന്നത് ശരിയായ രീതിയല്ല. ശാസ്ത്രം മാത്രമാണ് പരമാര്‍ത്ഥം എന്ന സമീപനവും ശരിയല്ല. ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ശരീര ശാസ്ത്രത്തിന് മാത്രമേ സമ്പൂര്‍ണമായ സൗഖ്യം സാധ്യമാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റോ അമേരിക്കന്‍ എഴുത്തുകാരനും ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ മേഖലയിലെ പ്രഗത്ഭനുമായ ദീപക് ചോപ്ര ന്യൂ ഏജ് പ്രസ്ഥാനത്തിലെ പ്രമുഖനുമാണ് ദീപക് ചോപ്ര.

ഇമറാത്തിന്‍റെ സൗന്ദര്യ സങ്കല്‍പം ലളിതവും സുന്ദരവും: മെഗാന്‍ ഹെസ്

ഇമറാത്തിന്‍റെ സൗന്ദര്യ സങ്കല്‍പം ലളിതവും സുന്ദരവുമാണെന്ന് ലോക പ്രശസ്ത ഫാഷന്‍ ഇല്ലുസ്‌ട്രേറ്റര്‍ മെഗാന്‍ ഹെസ്. ലോകത്തൊരിടത്തും കാണാത്ത വസ്ത്ര വൈവിധ്യവും ഫാഷനുമാണ് യുഎഇയിലുള്ളത്. ഫാഷന്‍ ഡിസൈന്‍ മേഖല അതിവിശാലമാണെന്ന് ഡിസൈനറും എഴുത്തുകാരിയുമായ മെഗാന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും കൂട്ടിയോജിപ്പിക്കുന്ന ഷാര്‍ജ പുസ്തകോത്സവം ലോകത്തിന് മാതൃകയാണെന്നും വാഴ്ത്തപ്പെടേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന ഫാഷന്‍ ഡിസൈനര്‍മാര്‍ക്കും ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഒരു ഓസ്ട്രേലിയന്‍ ഫാഷന്‍ ചിത്രകാരിയാണ് മേഗന്‍.

Related Stories

No stories found.
logo
The Cue
www.thecue.in