നാല്‍പത്തിനാലാമത് ജൈടെക്സിന് ദുബായില്‍ തുടക്കം.18 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് ജൈടെക്സ് നടക്കുന്നത്. ദുബായ് ഹാർബറും ഇത്തവണ ജൈടെക്സിന്‍റെ വേദിയാണ്. 16 വരെയാണ് ഇവിടെ പ്രദർശനമുണ്ടാവുക.
180 രാജ്യങ്ങളില്‍ നിന്നുളള 1,80,000 ത്തോളം പ്രദർശകർ ഇത്തവണയെത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ കുറിച്ചു. സാങ്കേതികവിദ്യ പുരോഗമിക്കുകയാണ്, ദുബായ് അതിലും വേഗത്തില്‍ മാറുകയാണ്. ഈ മാറ്റത്തിനൊപ്പം നടക്കാന്‍ ലോകത്തിന് ആതിഥേയത്വമൊരുക്കുകയാണ് ദുബായ്.സ്റ്റാർട്ടപ്പുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്‌മാർട്ട് മൊബിലിറ്റി, സൈബർ സുരക്ഷ എന്നിവയുടെ പ്രത്യേക പ്രദർശനങ്ങളൊരുക്കുകയാണ് ജൈടെക്സെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ നാല്പതോളം എക്സിബിഷൻ ഹാളുകളിലായാണ് ജൈടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. 180 രാജ്യങ്ങളിൽ നിന്നായി 6500 കമ്പനികൾ പങ്കെടുക്കും.1800-ൽ പരം പ്രഭാഷകരും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, സൈബർ സെക്യൂരിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിൾ ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കും.കഴിഞ്ഞ വർഷം 170 രാജ്യങ്ങളിൽനിന്നായി 5000 പ്രദർശകരാണ് പങ്കെടുത്തത്. ഒന്നര ലക്ഷത്തിലധികം സന്ദർശകർ മേളയിലെത്തിയെന്നാണ് കണക്ക്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. .