ദുബായ് സമ്മർ ഫെസ്റ്റിവൽ 2024 ന്‍റെ ഭാഗമായി ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്ക് വർണ്ണാഭമായ വരവേൽപ്പ് നൽകി. ദുബായ് എയർപോർട്ട് ടെർമിനൽ 3-ൽ എത്തിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ദുബായ് ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്കണോമി ആൻഡ് ടൂറിസവും ചേർന്നാണ് ഇത്തരത്തിലൊരു സ്വാഗതമൊരുക്കിയത്
എയർപോർട്ടിലെ കുട്ടികളുടെ പ്രത്യേക എമിഗ്രേഷൻ കൗണ്ടറിൽ എത്തിയ കുരുന്നുകളെ ജിഡിആർഎഫ്എ ദുബായുടെ മാസ്കേട്ട് കഥാപാത്രങ്ങളായ സാലം സലാമയും ദുബായ് സമ്മർ സർപ്രൈസസ് മാസ്‌കേട്ട് മോദേഷും ഫീമെയിൽ കൌണ്ടർ പാർട്ടായ ഡാനയും ചേർന്ന് സ്വീകരിച്ചു. പിന്നീട് അവരെ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറിലേക്ക് ക്ഷണിക്കുകയും അവിടെ കുട്ടികൾക്ക് സ്വന്തമായി പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാനും അവസരം നൽകുകയും ചെയ്തു.
ഈ വേനൽക്കാലത്ത് ദുബായ് സന്ദർശിക്കുന്ന കുടുംബങ്ങൾക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിന്‍റെ ഭാഗമായാണ് വരവേൽപ്പ് നൽകിയത്. വേനൽക്കാല ഉത്സവത്തിന്‍റെ ഭാഗമായി വിവിധ ഷോപ്പിംഗ് ഫെസ്റ്റിവലുകളും വൈവിധ്യമായ വിനോദ പരിപാടികളുമാണ് ദുബായിലുടനീളം നടന്നുവരുന്നത്.