ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ഇമിഗ്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികളെ സഹായിക്കുന്നതിന് പുതിയ കോൾ സെന്‍റർ സേവനം ആരംഭിച്ചു.ഇതിലൂടെ തങ്ങളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങളെ കുറിച്ച് വകുപ്പിൽ നിന്ന് ചോദിച്ചറിയാം .ജിഡിആർഎഫ്എയുടെ 24/7 അമേർ കോൾ സെന്‍ററില്‍ നടന്ന വാർത്ത സമ്മേളത്തിലാണ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഈ സേവനം ആരംഭിക്കുന്നതായി അറിയിച്ചത് .
ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞ വർഷം കുട്ടികൾക്ക് മാത്രമായി ഇമിഗ്രേഷന്‍ കൗണ്ടറുകൾ തുറന്നിരുന്നു . ഈ കൗണ്ടറുകളുടെ വിപുലീകരണത്തിന്‍റെ ഭാഗമായാണ് സേവനമെന്ന് ലഫ്റ്റനന്‍റ് ജനറൽ പറഞ്ഞു . കുട്ടി യാത്രക്കാരുടെ യാത്രാനുഭവം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കൗണ്ടറുകൾ ജിഡിആർഎഫ്എയുടെ സേവനങ്ങളെക്കുറിച്ച് അവബോധം വളർത്താൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടി നിരവധി കുട്ടികളിൽ നിന്ന് കോളുകൾ ലഭിക്കുന്നുണ്ടെന്നും ഞങ്ങൾ ശ്രദ്ധിച്ചു. അതിനാൽ, തങ്ങളുടെ കോൾ സെന്‍റർ വഴി കുട്ടികൾക്കായി മാത്രമായി ഒരു ലൈൻ സമർപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” ലെഫ്റ്റനന്‍റ് ജനറൽ അൽ മർറി വ്യക്തമാക്കി.
7 നും 12നും ഇടയിലുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ് സെന്‍റർ ആരംഭിച്ചിരിക്കുന്നത്. വിസ, പാസ്പോർട്ട് എന്നിവ പുതുക്കുന്നത് സംബന്ധിച്ചും യാത്ര നടപടിക്രമങ്ങളെ കുറിച്ചും തനിച്ച് യാത്ര ചെയ്യാൻ പറ്റുന്ന ദുബായിലെ വിവിധ ഡസ്റ്റിനേഷനുകളെ കുറിച്ചുമുള്ള സംശയ നിവാരണത്തിന് കോൾ സെന്‍ററിൽ സൗകര്യമുണ്ട്. കുട്ടികളുമായുള്ള ഇടപെടലിലൂടെ പുതിയ ആശയങ്ങൾ അറിയാനും ഭാവിയിൽ തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ജി.ഡി.ആർ.എഫ്.എയുടെ സാമൂഹിക ക്ഷേമ വിഭാഗം തലവൻ ലഫ്റ്റനന്‍റ് കേണൽ ഖലീൽ ഐ മുഹമ്മദ് പറഞ്ഞു.
യുഎഇയിലും പുറത്തും കോൾ സെന്‍ററിന്‍റെ സേവനങ്ങൾ ലഭ്യമാണ്. യു.എ.ഇയിലുള്ളവർക്ക് 8005111 എന്ന നമ്പറിലും പുറത്തുള്ളവർക്ക് +97143139999 എന്ന നമ്പറിലും ബന്ധപ്പെടാം. കുട്ടികളുമായി സംവദിക്കാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരായിരിക്കും കോൾ സെന്‍ററിൽ ഉണ്ടാവുക. ഇംഗ്ലീഷിലും അറബിയിലും സേവനങ്ങൾ ലഭ്യമാണ്. അതേസമയം, കോൾ സെന്‍റർ സേവനം കുട്ടികൾക്ക് മാത്രമാണെന്നും കുട്ടികളുടെ വിസ സ്റ്റാറ്റസ് സംബന്ധിച്ച രക്ഷിതാക്കളുടെ സംശയ നിവാരണത്തിനുള്ളതല്ലെന്നും ജി.ഡി.ആർ.എഫ്.എ അറിയിച്ചു. ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമർ കോൾ സെന്‍റർ ഇതിനായി രക്ഷിതാക്കൾക്ക് ഉപയോഗിക്കാം.