ഫോബ്സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണയും മലയാളികളുടെ ഇടയില്‍ ഒന്നാം സ്ഥാനത്തെത്തി എം എ യൂസഫലി. 540 കോടി ഡോളറിന്‍റെ ആസ്തിയോടെയാണ് പട്ടികയില്‍ അദ്ദേഹം ഇടം പിടിച്ചത്. ഇന്ത്യയില്‍ 35 ആം സ്ഥാനത്താണ് എം എ യൂസഫലി. മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ മുന്നിലെത്തി. 15,000 കോടി ഡോളറിന്‍റെ ആസ്തിയാണ് ഗൗതം അദാനിക്കുളളത്. 2021 ല്‍ 7480 കോടി ഡോളറായിരുന്ന ആസ്തിയാണ് ഒറ്റവർഷം കൊണ്ട് ഇരട്ടിച്ചത്.
മുകേഷ് അംബാനിക്ക് 8,800 കോടി ഡോളറിന്‍റെ ആസ്തിയുണ്ട്. കഴിഞ്ഞവർഷം 10 മലയാളികള്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഇത്തവണ 5 പേർ മാത്രമാണുളളത് എന്നതും ശ്രദ്ധേയമാണ്. എം എ യൂസഫലിയെ കൂടാതെ 400 കോടി ഡോളറിന്‍റെ ആസ്തിയുളള മുത്തൂറ്റ് കുടുംബം, 360 കോടി ഡോളറിന്‍റെ ആസ്തിയുമായി ബൈജൂസ് സ്ഥാപകന്‍ ബൈജൂസ് രവീന്ദ്രന്‍, 310 കോടി ഡോളറിന്‍റെ ആസ്തിയുമായി ജോയ് ആലുക്കാസ് 305 കോടി ഡോളറിന്‍റെ ആസ്തിയുമായി എസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് കേരളത്തില്‍ നിന്നും പട്ടികയില്‍ സ്ഥാനം പിടിച്ചവർ.