അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കമായി

അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കമായി
Published on

പ്രശസ്തമായ അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കമായി. 120 നീണ്ടു നില്ക്കുന്ന ഫെസ്റ്റിവലില്‍ 4000 ത്തോളം പരിപാടികള്‍ നടക്കും. 27 രാജ്യങ്ങളില്‍ നിന്നായി 20,000 ത്തോളം കലാകാരന്മാരാണ് അബുദബി അല്‍ വത്ബയില്‍ നടക്കുന്ന സാംസ്കാരികോത്സവത്തിന്‍റെ ഭാഗമാകുക. 60 റസ്റ്ററന്‍റുകളും ഫെസ്റ്റിവലിന്‍റെ ഭാഗമാകുന്നുണ്ട്. യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെയും മാർഗനിർദേശമനുസരിച്ചാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് നടക്കുന്നത്.

ഉദ്ഘാടന ദിവസത്തിന് പുറമെ ഡിസംബർ 2 (ദേശീയ ദിനം), ഡിസംബർ 31 (പുതുവത്സര രാവ്) എന്നീ ദിവസങ്ങളിലും ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ഡ്രോൺ ഷോകൾ നടക്കും.ദേശീയ ദിനത്തിലും ഡിസംബർ 31 നും പ്രത്യേക ഷോകൾ ഉണ്ടാകും.15 ലധികം തിയേറ്ററുകൾ സാംസ്കാരിക വിനോദ പരിപാടികൾ എന്നിവയും നടക്കും. സൈനിക പൈതൃക സംഗീത ഷോകൾ, ഫൺ ഫെയർ സിറ്റി, ഹൊറർ ഹൗസ്, ആഗോള നാഗരികത പരേഡുകൾ, അന്താരാഷ്ട്ര ഷോകൾ, സാംസ്കാരിക പവലിയനുകൾ, ആർട്ട് ഡിസ്ട്രിക്റ്റ്, കുട്ടികളുടെ നഗരം തുടങ്ങിയവയും ഉത്സവത്തില്‍ ഒരുങ്ങിയിട്ടുണ്ട്. ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് വലിയ സ്ക്രീനുകളില്‍ തല്‍സമയ പ്രക്ഷേപണവും സജ്ജമാക്കിയിട്ടുണ്ട്.

ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ റേസിംഗ് ഫെസ്റ്റിവൽ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ദൗ സെയിലിംഗ് റേസ് 2022, സായിദ് ഗ്രാൻഡ് പ്രൈസ് ക്യാമൽ റേസ് 2022, ഷെയ്ഖ് സായിദ് ഫാൽക്കണി കോംപറ്റീഷൻ കോംപറ്റീഷൻ 2022 തുടങ്ങിയ മത്സരങ്ങളുമുണ്ട്. അബുദബിയില്‍ വിവിധ സമയങ്ങളില്‍ ബസ് സേവനവുമുണ്ട്. ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ, തിങ്കൾ മുതൽ വ്യാഴം വരെ എട്ട് ബസുകളും വെള്ളി മുതൽ ഞായർ വരെ 10 ബസുകളും 30 മിനിറ്റ് ഇടവേളയില്‍ സർവീസ് നടത്തും. സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച്, റബ്ദാനിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൂപ്പർമാർക്കറ്റ്, ബനിയാസ് കോർട്ട് പാർക്കിംഗ് ലോട്ട്, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അൽ വത്ബയിലെ ഫെസ്റ്റിവൽ വേദിയിലേക്ക് എത്തുന്ന രീതിയിലാണ് ബസ് സേവനം. വൈകുന്നേരം നാല് മണിമുതല്‍ രാത്രി 12 മണിവരെയാണ് അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ സന്ദർശകരെ സ്വീകരിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in