ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആദിഷ് സജീവെന്ന എട്ടുവയസുകാരനെത്തിയത് വലിയൊരു കണ്ണാടിയുമായാണ്.അതിനൊരു കാരണമുണ്ട്. മഹാത്മാഗാന്ധിയുടെ ദ സ്റ്റോറി ഓഫ് മൈ എക്സിപിരിമെന്‍റ്സ് വിത്ത് ട്രൂത്ത് എന്ന പുസ്തകം ആദിഷ് പകർത്തിയെഴുതിയത് വായിക്കണമെങ്കില്‍ കണ്ണാടിയുടെ സഹായം വേണം. മിറർ ഇമേജില്‍4 73 പേജുകളിലാണ് പുസ്തകം പൂർത്തിയാക്കിയത്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഹാള്‍ നമ്പർ 7 ലാണ് ആദിഷിന്‍റെ പുസ്തകം പ്രദർശിപ്പിച്ചിട്ടുളളത്. മിറർ ഇമേജിലെഴുതിയ പുസ്തകത്തിന് ടൈം വേള്‍ഡ് റെക്കോർഡും അറേബ്യന്‍ വേള്‍ഡ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. ആറ് മാസമെടുത്ത് 300 സിഡി മാർക്കർ ഉപയോഗിച്ചാണ് പുസ്തകം പൂർത്തിയാക്കിയത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തില്‍ മന്ത്രി ചിഞ്ചുറാണിയാണ് തിരുവനന്തപുരത്ത് പുസ്തകം പ്രകാശനം ചെയ്തത്.
അക്ഷരം പഠിച്ചുതുടങ്ങുന്ന സമയത്തുതന്നെ മകന്‍ തലതിരിച്ചെഴുതിത്തുടങ്ങിയിരുന്നുവെന്ന് അച്ഛന്‍ സജീവ് പറയുന്നു. എഴുതാനുളള ബുദ്ധിമുട്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്.തലതിരിച്ചെഴുതുന്നതുകണ്ട് അമ്മ വിജിത ശകാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കൈകൊണ്ട് ശരിയായ രീതിയിലും മറുകൈകൊണ്ട് പ്രതിബിംബ മാതൃകയിലും നിഷ്പ്രയാസം ആദിഷ് എഴുതുന്നതുകണ്ടപ്പോഴാണ് മകന്‍റെ കഴിവിനെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. പിന്നീട് പ്രോത്സാഹനം നല്‍കിയതോടെ മികവോടെ ആദിഷ് എഴുതിത്തുടങ്ങി. പാരിപ്പള്ളി എംജിഎം സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ഇംഗ്ലീഷ് മാത്രമല്ല മലയാളവും ഹിന്ദിയും മിറർ ഇമേജില്‍ എഴുതും ആദിഷ്. മുൻപ് പാഠപുസ്തകത്തിലെ സത്യപ്രതിജ്ഞ ഇത്തരത്തിൽ 'മിറർ ഇമേജ്' രീതിയിൽ എഴുതിയതിന് ആദിഷിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്‍റർനാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്, കലാംസ് വേൾഡ് റെക്കോഡ് എന്നിവയും ലഭിച്ചിരുന്നു.