2027 ഓടെ ദുബായിലെ ടാക്സികളെല്ലാം പരിസ്ഥിതി സൗഹൃദമായി മാറുമെന്ന് ദുബായ് ആർടിഎ. എമിറേറ്റിലെ 100 ശതമാനം ടാക്സികളും ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളായി മാറുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
2023 മുതല്‍ 2027 വരെയുളള 5 വർഷത്തിനുളളില്‍ മുഴുവന്‍ ടാക്സി വാഹനങ്ങളും പരിസ്ഥിതി സൗഹൃമാക്കി മാറ്റും, 2050 ഓടെ പൊതു ഗതാഗത മാർഗങ്ങള്‍ എമിഷന്‍ രഹിതമാക്കാനും ആർടിഎ ലക്ഷ്യമിടുന്നുവെന്ന് ആർടിഎ എക്സിക്യൂട്ടീവ് ഡയക്ടേഴ്സ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അല്‍ തായർ പറഞ്ഞു. ആർടിഎ റോഡ് മാപ്പുമായി ചേർത്താണ് പഞ്ചത്സര പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് ആർടിഎ ബോർഡ് അംഗീകാരം നല്‍കി.
നിലവില്‍ ദുബായിലെ 72 ശതമാനം ടാക്സികളെയും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റി. 8221 ഹൈബ്രിഡ് വാഹനങ്ങളുണ്ട്.സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് വാഹനങ്ങള്‍ കൂടുതല്‍ കാലം പ്രവർത്തനക്ഷമമാകും.ദീർഘകാല അടിസ്ഥാനത്തില്‍ ചെലവും കുറവാണെന്നും അദ്ദേഹം വിലയിരുത്തി.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ ആവശ്യം വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനവും പ്രധാനമാണ്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സമയം എട്ട് മണിക്കൂറിൽ നിന്ന് ഒന്നരമണിക്കൂറായി കുറച്ചിരുന്നു.ഹൈബ്രിഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇനിയും ചാർജ്ജിംഗ് സമയം കുറയ്ക്കുകയെന്നുളളതും ദുബായ് ലക്ഷ്യമിടുന്നു.