ദുബായ് അല്‍ ഖവനീജിന്‍റെയും മുഷ് രിഫ് സൈക്ലിംഗ് ട്രാക്കുകളുടെയും നിർമ്മാണം 90 ശതമാനം പൂർത്തിയായതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 7 കിലോമീറ്റർ സ്ട്രെച്ച് രണ്ട് മേഖലകളിലുമായി 32 കിലോമീറ്റർ ദൈർഘ്യമുളള സൈക്ലിംഗ് ട്രാക്കുകളുമായി ബന്ധിപ്പിക്കുന്നു. ഇതോടെ ആകെ സൈക്ലിംഗ് ട്രാക്കുകളുടെ ദൈർഘ്യം 39 കിലോമീറ്ററായി.
ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ സൈക്ലിംഗ് ട്രാക്കുകള്‍ നിർമ്മിക്കുന്നതെന്ന് ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാനും ഡയറക്‌ടർ ജനറലുമായ മാത്തർ അൽ തായർ പറഞ്ഞു. ദുബായ് അർബന്‍ പ്ലാന്‍ 2040 ന്‍റെ ഭാഗമായാണ് കൂടുതല്‍ സൈക്ലിംഗ് ട്രാക്കുകള്‍ നിർമ്മിക്കുന്നത്.
ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ ഖുറാൻ ഗാർഡനിൽ നിന്ന് അൽ ഖവാനീജ് സ്ട്രീറ്റ് വരെയാണ് ആദ്യ സൈക്ലിംഗ് ട്രാക്ക്. മുഷ് രിഫ് പാർക്ക് മുതല്‍ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റുവരെയാണ് രണ്ടാം ട്രാക്ക്. 2026 ഓടെ ദുബായിലെ സൈക്ലിംഗ് ട്രാക്കുകളുടെ ആകെ ദൈർഘ്യം 544 കിലോമീറ്ററിൽ നിന്ന് 819 കിലോമീറ്ററായി വർധിപ്പിക്കും.