മാവേലിയായി ഈജിപ്ഷ്യന്‍, കേരളീയ വേഷമണിഞ്ഞ് 20 ഓളം രാജ്യക്കാർ, ദുബായില്‍ മാലോകരൊന്നായി മാറിയ ഓണാഘോഷം

മാവേലിയായി ഈജിപ്ഷ്യന്‍, കേരളീയ വേഷമണിഞ്ഞ് 20 ഓളം രാജ്യക്കാർ, ദുബായില്‍ മാലോകരൊന്നായി മാറിയ ഓണാഘോഷം
Published on

മാവേലിയായി ഈജിപ്ഷ്യന്‍ സ്വദേശി, കേരളീയ വേഷമണിഞ്ഞ് 20 ലധികം രാജ്യക്കാർ, പൂക്കളവും പുലികളിയും ഒപ്പം വിഭവസമൃദ്ധമായ സദ്യയും. ജീവനക്കാർക്കായി സമ്പന്നമായ ഓണാഘോഷമൊരുക്കിയത് മിഡില്‍ ഈസ്റ്റിലെ ട്രെയിനിങ് ആന്‍റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ബ്ലൂ ഓഷ്യന്‍ കോർപ്പറേഷനാണ്. നൂറിലധികം ജീവനക്കാരുളള സ്ഥാപനത്തില്‍ ഇന്ത്യാക്കാർക്കൊപ്പം യുഎഇ, സിറിയ ഈജിപ്ത്, അള്‍ജീരിയ, ഫിലിപ്പീന്‍സ്, തുനീസിയ, നേപ്പാള്‍, കാനഡ തുടങ്ങി 20 ലധികം രാജ്യങ്ങളില്‍ നിന്നുളളവരും ജോലി ചെയ്യുന്നു.

ജീവനക്കാരെല്ലാം കേരളത്തിന്‍റെ പാരമ്പര്യ വേഷം ധരിച്ചാണ് ഓണാഘോഷത്തിനെത്തിയത്. ജീവനക്കാർക്കായി ദുബായ് ഊദ് മേത്ത ഇന്ത്യ ക്ലബില്‍ ഒരുക്കിയ പരിപാടിയില്‍ ഓണപ്പാട്ടും തിരുവാതിരക്കളിയും വടം വലിയും സജ്ജമാക്കിയിരുന്നു. കൂടാതെ മലയാളി മങ്ക, കേരള ശ്രീമാന്‍ മത്സരങ്ങളുമുണ്ടായിരുന്നു.

സ്ഥാപനത്തിന്‍റെ 2023 ലെ വാർഷിക സമ്മേളനം നടന്നത് കേരളത്തിലായിരുന്നു. കേരള ടൂറിസം വിഭാഗത്തിന്‍റെ പിന്തുണയോടെ ജനുവരിയില്‍ മൂന്നാർ, ആലപ്പുഴ, എന്നിവിടങ്ങളിലായി നടന്ന സമ്മേളത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരെല്ലാം പങ്കെടുത്തിരുന്നു. കേരളത്തെ കുറിച്ച് അറിയാനും നാടിന്‍റെ സൗന്ദര്യമാസ്വദിക്കാനും സമ്മേളനം അവസരമൊരുക്കി. ഓണാഘോഷം പ്രിയപ്പെട്ടതാണെന്ന് മാവേലിയായി വേഷമിട്ട മൊസെർ നവാർ പറഞ്ഞു. മാവേലിയെ അറിയുമോയെന്നുളള ചോദ്യത്തോട് രാജാവായിരുന്നുവെന്നായിരുന്നു ഈജിപ്ഷ്യന്‍ മാവേലിയുടെ മറുപടി.

വൈവിധ്യത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനമാണ് ബ്ലൂ ഓഷ്യന്‍ കോർപ്പറേഷന്‍ ഗ്രൂപ്പെന്ന് സിഇഒ ഡോ സത്യ മേനോന്‍ പറഞ്ഞു. 20 ലധികം രാജ്യക്കാർ ഒത്തൊരുമയോടെ ആഘോഷങ്ങള്‍ സംഘടിപ്പിച്ച് അത് വന്‍ വിജയമാകുന്നത് കാണുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ്പ്‌ ചെയർമാൻ അബ്ദുൾ അസീസ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സെപ്റ്റംബർ രണ്ടിന് രാവിലെ ആരംഭിച്ച ആഘോഷപരിപാടികള്‍ വൈകുന്നേരത്തോടെയാണ് സമാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in