ദുബായ് മെട്രോയ്ക്ക് 15 വയസ്

ദുബായ് മെട്രോയ്ക്ക് 15 വയസ്
Published on

ദുബായ് മെട്രോയ്ക്ക് സെപ്റ്റംബർ 9 ന് 15 ാം പിറന്നാള്‍. 15 വ‍ർഷത്തിനിടെ 43 ദശലക്ഷം സ‍ർവ്വീസുകളിലായി 240 കോടി ജനങ്ങളാണ് ദുബായ് മെട്രോയില്‍ യാത്ര ചെയ്തത്. ഏകദേശ 268 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചു.കണക്ക് അനുസരിച്ച് ദിവസവും ശരാശരി 730,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. 99.7 ശതമാനമാണ് സർവ്വീസിലെ സമയ കൃത്യത. കൃത്യ നിഷ്ഠ,ഗുണനിലവാരം എന്നിവയില്‍ മികച്ച മാതൃകയാണ് ദുബായ് മെട്രോയെന്ന് യുഎഇ വൈസ് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

2009 സെപ്റ്റംബർ 9 നാണ് ദുബായ് മെട്രോ ആദ്യ യാത്ര തുടങ്ങിയത്. ആദ്യം 52 കിലോമീറ്ററായിരുന്നു മെട്രോ സർവീസിന്‍റെ ദൈർഘ്യം. പിന്നീട് അത് 90 കിലോമീറ്ററാക്കി ഉയർത്തി. 10 സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷനുകളുടെ എണ്ണം 53 ആയി. 79 ട്രെയിനുകള്‍ 129 ആയി ഉയർത്തി. 2009 സെപ്റ്റംബർ 10 ന് 20,000 യാത്രക്കാരാണ് മെട്രോയില്‍ യാത്ര ചെയ്തതെങ്കില്‍ 2024 സെപ്റ്റംബർ 3 ന് 767,000 പേരാണ് യാത്രചെയ്തത്. പുതുവത്സര-പൊതു അവധി ദിനങ്ങളില്‍ യാത്രാക്കാരുടെ എണ്ണം റെക്കോർഡ് കടക്കും. നിലവില്‍ 228 സ്വദേശികള്‍ മെട്രോയുടെ ഭാഗമാണ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്‍റെ ദൃഢനിശ്ചയമാണ് മെട്രോയുടെ അടിത്തറയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.

മെട്രോ റെഡ്, ഗ്രീന്‍ ലൈനുകളാണ് ഇപ്പോള്‍ സർവ്വീസ് നടത്തുന്നത്. റെഡ് ലൈന്‍ എക്സ്പോ 2020 യിലേക്കും ജബല്‍ അലിയിലേക്കും രണ്ട് വ്യത്യസ്ത പാതകളില്‍ സർവ്വീസ് നടത്തുന്നുണ്ട്. എത്തിസലാത്തിലേക്കും ക്രീക്കിലേക്കുമാണ് ഗ്രീന്‍ ലൈന്‍ സേവനം. ഈ മെട്രോ സ്റ്റേഷനുകളെയെല്ലാം ബന്ധിപ്പിക്കുന്നത് യൂണിയന്‍, ബുർജുമാന്‍ സ്റ്റേഷനുകളാണ്. 30 കിലോമീറ്റർ ദൈർഘ്യത്തില്‍ 14 സ്റ്റേഷനുകള്‍ കൂടി കൂട്ടി ചേർത്ത് മെട്രോ ബ്ലൂ ലൈന്‍ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ദുബായുടെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലേക്കുമെത്താന്‍ മെട്രോ യാത്രയിലൂടെ സാധിക്കും. 2040 അർബന്‍ മാസ്റ്റർ പ്ലാനിലാണ് മെട്രോ ബ്ലൂ ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

15 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ലെഗോ മിഡില്‍ ഈസ്റ്റ് പ്രത്യേക നോല്‍ കാർഡും എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പും പുറത്തിറക്കും. അൽ ജാബർ ഗാലറിയിൽ മെട്രൊ യുമായി ബന്ധപ്പെട്ട സ്മരണികകൾ വാങ്ങാനും അവസരമുണ്ട്.സെപ്റ്റംബർ 9 ന് ജനിച്ച കുട്ടികള്‍ക്കായി ആഘോഷമൊരുക്കും.മെട്രോ പ്രവർത്തനം ആരംഭിച്ച 2009 മുതല്‍ 2003 വരെ സെപ്റ്റംബർ 9 ന് ജനിച്ച കുട്ടികള്‍ക്കാണ് അവസരമുളളത്. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് www.rta.ae വെബ്സൈറ്റില്‍ ഇതിനായി രജിസ്ട്രർ ചെയ്യാം. ഇഗ്ലൂവാണ് കൗതുകകരമായ മെട്രോ ഐസ്ക്രീം ഒരുക്കുന്നത്. മെട്രോയുടെ രൂപത്തിലുളള ഐസ്ക്രീമുകളില്‍ 5000 എണ്ണത്തില്‍ പ്രത്യേക കോഡുമുണ്ടാകും. ഈ കോഡ് ലഭിക്കുന്നവർക്ക് നോൽ തെർഹാൽ ഡിസ്‌കൗണ്ട് കാർഡ് ലഭിക്കും.ദുബായ് മെട്രോ സ്റ്റേഷനുകളില്‍ സെപ്റ്റംബർ 21 മുതല്‍ 27 വരെ സംഗീത പരിപാടിയൊരുക്കും. ബ്രാൻഡ് ദുബായ്ഒരുക്കുന്ന നാലാമത് മെട്രൊ സംഗീതോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടികള്‍ ഒരുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in