ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും: ടിക്കറ്റ് നിരക്ക്, സമയക്രമം,ബസ് സർവ്വീസ് അറിയേണ്ടതെല്ലാം

ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും: ടിക്കറ്റ് നിരക്ക്,
സമയക്രമം,ബസ് സർവ്വീസ് അറിയേണ്ടതെല്ലാം
Published on

ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ന് സന്ദർശകർക്കായി തുറന്ന് കൊടുക്കും. വൈകീട്ട് ആറ് മണിമുതലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രണ്ട് തരത്തിലാണ് ഇത്തവണ ടിക്കറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെ, വെബ് സൈറ്റ് മുഖേനയും ആപ് മുഖേനയും ബുക്ക് ചെയ്യുന്നവർക്ക് നിരക്കില്‍ 10 ശതമാനം ഇളവ് ലഭിക്കും.

ടിക്കറ്റ് നിരക്ക്

ഗ്ലോബല്‍ വില്ലേജിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും വാങ്ങുമ്പോള്‍ 25 ദിർഹമാണ് നിരക്ക്. പൊതു അവധി ദിനങ്ങളില്‍ ഒഴികെ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ചവരെ ഈ ടിക്കറ്റുമായി ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കാം. ഓണ്‍ലൈനിലൂടെയെടുക്കുമ്പോള്‍ 22.50 ദിർഹമാണ് നിരക്ക്. കഴിഞ്ഞതവണ ഗ്ലോബല്‍ വില്ലേജ് ടിക്കറ്റ് കൗണ്ടറില്‍ നിന്ന് 20 ദിർഹത്തിനും ഓണ്‍ലൈനില്‍ 18 ദിർഹത്തിനും ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു.

പൊതു അവധി ദിനങ്ങളില്‍ ഉള്‍പ്പടെ എല്ലാ ദിവസവും സന്ദർശിക്കാന്‍ കഴിയുന്ന ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. ഓണ്‍ലൈനിലൂടെ എടുക്കുമ്പോള്‍ 27 ദിർഹത്തിന് ലഭ്യമാകും. ഒരുതവണയാണ് ടിക്കറ്റില്‍ പ്രവേശനം അനുവദിക്കുക. മുതിർന്ന പൗരന്മാർ, മൂന്ന് വയസിന് താഴെയുളള കുട്ടികള്‍, നിശ്ചയദാർഢ്യക്കാർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.

സ്റ്റണ്ട് ഷോ,റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്

ഗ്ലോബല്‍ വില്ലേജിന്‍റെ 28 മത് പതിപ്പാണ് ഇത്തവണത്തേത്. 40,000 കലാ പരിപാടികളും 400 ഓളം പ്രകടനങ്ങളും ഇത്തവണയുണ്ടാകും. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വിനോദങ്ങളാണ് പതിവുപോലെ ഇത്തവണയും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുളളത്.

ലോകമെങ്ങുമുളള വിവിധ രാജ്യങ്ങള്‍ ഗ്ലോബല്‍ വില്ലേജില്‍ വിനോദ-വിജ്ഞാന-സംഗീത പരിപാടികളുടെ ഭാഗമാകും. 20 ദിർഹം നല്‍കിയാല്‍ സ്റ്റണ്ട് ഷോ ആസ്വദിക്കാം. 2075 ലെങ്ങനെയായിരിക്കുമെന്നതറിയാന്‍ സ്റ്റണ്ട് ഷോ കാണാം. പറക്കും ബൈക്കുകളും എല്‍ഇഡി പോലീസ് കാറുകളുമെല്ലാം സ്റ്റണ്ട് ഷോയിലെത്തും. റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ടിലേക്ക് 45 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ഡ്രംസ് അവതരണത്തിന് പേരുകേട്ട ഐന്‍ജാ ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണ തിരിച്ചെത്തും.മെറി ഗോ റൗണ്ട് സ‍ർക്കസും മുംബൈ നൈറ്റ്സിന്‍റെ നൃത്തവും കൂടാതെ . കുട്ടികള്‍ക്കായി പിജെ മാസ്കും പീറ്റർ റാബിറ്റും വണ്ടറേഴ്സും ഗ്ലോബല്‍ വില്ലേജിലെത്തും.

സമയക്രമം

ഞായർ മുതല്‍ ബുധന്‍വരെ വൈകീട്ട് നാലുമണിമുതല്‍ പുലർച്ചെ 12 വരെയാണ് ഗ്ലോബല്‍ വില്ലേജിന്‍റെ പ്രവർത്തനസമയം. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെയും പൊതു അവധി ദിനങ്ങളിലും വൈകീട്ട് 4 മുതല്‍ പുലർച്ചെ ഒരു മണിവരെ ഗ്ലോബല്‍ വില്ലേജ് പ്രവർത്തിക്കും. പൊതു അവധി ദിനമല്ലാത്ത ചൊവ്വാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.

27 പവലിയനുകള്‍

ഇന്ത്യയുള്‍പ്പടെ വിവിധ ലോകരാജ്യങ്ങളുടെ പവലിയനുകള്‍ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ,പാകിസ്ഥാന്‍,ആഫ്രിക്ക,തുർക്കി,ജപ്പാന്‍,യൂറോപ്പ്,ഈജിപ്ത് ഉള്‍പ്പടെ 27 പവലിയനുകളാണ് ഇത്തവണയുളളത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9 മണിക്ക് വെടിക്കെട്ട് ആസ്വദിക്കാം.

ബസ് സർവ്വീസ്

സന്ദർശകർക്ക് ഗ്ലോബല്‍ വില്ലേജിലേക്ക് എത്തിച്ചേരാന്‍ ബസുകള്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് നാല് ബസ് റൂട്ടുകളാണ് 18 മുതല്‍ ആരംഭിക്കുന്നത്. അല്‍ ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ 40 മിനിറ്റിലും അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂറിലും ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് പുറപ്പെടും. മാള്‍ ഓഫ് എമിറേറ്റസ് ബസ് സ്റ്റേഷനില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്.ഗ്ലോബല്‍ വില്ലേജില്‍ ഇലക്ട്രിക് അബ്ര സര്‍വീസും ആര്‍ടിഎ പുനരാരംഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പരമ്പരാഗത ബോട്ടുകളാകും പാര്‍ക്കിലെ വാട്ടര്‍ കനാലിലൂടെ സഞ്ചരിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in