തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ
പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍
Published on

ദുബായ് എത്തിസലാത്ത് അക്കാദമി ഡിസംബർ രണ്ടിന് തൃശൂർ തേക്കിൻകാട് മൈതാനമെന്ന പൂരപ്പറമ്പാകും. 'മ്മടെ തൃശൂർ' കൂട്ടായ്മയുടെ 'മ്മടെ തൃശൂർ പൂര'ത്തിന്‍റെ അഞ്ചാം പതിപ്പാണ് ഇത്തവണ ഒരുങ്ങുന്നത്. അഞ്ച്‌ ആന, അഞ്ച് മേളം, അഞ്ച് കാവടി, അഞ്ചാമത്തെ പൂരം എന്ന രീതിയിൽ സർവം അഞ്ചെന്ന ആശയം ആസ്പദമാക്കിയാണ് ഈ വർഷം പൂരമൊരുങ്ങുന്നത്. നടി അപർണ ബാലമുരളി അതിഥിയായി എത്തും. വിധു പ്രതാപിന്‍റെ നേതൃത്തില്‍ ഗാനമേളയുമുണ്ടാകും.

ഡിസംബർ രണ്ടിന് രാവിലെ 9 മണിക്കാണ് കൊടിയേറ്റം. തുടർന്ന് കേളി,കൊമ്പ് പറ്റ്‌. കുഴൽ പറ്റ്‌, തുടർന്ന് 150 ഇൽ പരം വാദ്യ കലാകാരൻമാർ വാദ്യ കുലപതി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളമൊരുക്കും. 5 കാലങ്ങളിലൂടെയാണ് കൊട്ടിക്കയറുക. പറക്കാട് തങ്കപ്പൻ മാരാരുടെ പ്രമാണത്തിൽ ക്ഷേത്ര കലയിൽ മികച്ചു നിൽക്കുന്നതും തിമില, മദ്ദളം, ഇലത്താളം, ഇടക്ക എന്നീ നാല് താളവാദ്യങ്ങളും കാറ്റാടി വാദ്യമായ കൊമ്പ് എന്നിവയും ചേർന്ന് സംഗമിച്ചു ഒരുക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യവും തുടർന്ന് നടക്കും. ഇലഞ്ഞിത്തറ മേളം പാറമേക്കാവിന്‍റെ മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ 150 ലധികം വാദ്യകലാകാരന്മാരുടെ മേളപ്പെരുക്കവുമുണ്ടാകും.

ഇത് കൂടാതെ മച്ചാട് മാമാങ്കം കുതിരയും ഇത്തവണയുണ്ടാകുമെന്ന് പ്രസിഡന്‍റ് അനൂപ് അനിൽ ദേവൻ പറഞ്ഞു. തൃശൂർ പൂരമുള്‍പ്പടെയുളള സാംസ്കാരിക ബിംബങ്ങളൊന്നും രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് 'മ്മടെ തൃശൂർ' കൂട്ടായ്മയ്ക്ക് യോജിപ്പില്ലെന്നും നാട്ടിലെ തൃശൂർ പൂരം വിവാദങ്ങള്‍ മുന്‍നിർത്തിയുളള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

അഞ്ച് റോബോട്ടിക് ആനകളും 150ലധികം വർണക്കുടകളുടെ കുടമാറ്റവും, വിവിധ തരത്തിലുള്ള കാവടിയും, കാളകളിയും , യുഎഇയിലെ 5 ശിങ്കാരി മേളവും, കോട്ടപ്പടി സുരേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നാദസ്വരവും, കേരളത്തിലെ വിവിധ കലാരൂപങ്ങളെയുംമറ്റും കോർത്തിണക്കി അവതരിപ്പിക്കുന്ന ഘോഷയാത്രയും പൂരത്തിന് മാറ്റേകും. ഐഡിയ സ്റ്റാർ സിങ്ങർ താരം ശ്രീരാഗ് ഭരതനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും, ജെഎം5ഡി ഡിജെയും യുഎഇയിലെ സംഗീത ബാൻഡ് ആയ അഗ്നിയും മേളക്കൊഴുപ്പേകാനെത്തും.

കേരളത്തിന്‍റെ സാംസ്കാരിക പൗരാണിക കലകളെയും ആചാരാനുഷ്ഠാനങ്ങളും അടുത്തറിയുവാനുള്ള അവസരം പൂരനഗരിയിലുണ്ടാകുമെന്ന് 'മ്മടെ തൃശൂർ പൂരം' സംഘാടകരായ ഇക്വിറ്റി പ്ലസ് മേധാവി ജൂബി കുരുവിള പറഞ്ഞു. സിഇഒ സുനിൽ കഞ്ചൻ,'മ്മടെ തൃശ്ശൂരി'ന്‍റെ സെക്രട്ടറി ശ്രീമതി രശ്മി രാജേഷ്, വൈസ് പ്രസിഡന്‍റ് ജെ കെ ഗുരുവായൂർ,ജോയിന്‍റ് സെക്രട്ടറിമാരായ, സുനിൽ ആലുങ്കൽ,അനിൽ അരങ്ങത്ത്, നജീബ് പട്ടാമ്പി(ഗ്രീന്‍വെല്‍ത്ത് ലോഷന്‍ ), അഭിലാഷ് (നികായ്) തുടങ്ങിയവർ വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.മ്മടെ തൃശൂർ പൂരത്തിനുളള പ്രവേശന ടിക്കറ്റുകള്‍ പ്ലാറ്റിനംലിസ്റ്റില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in