ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഏഴാമത് പതിപ്പിന് തുടക്കമായി. എമിറേറ്റിനെ സന്തോഷകരവും ആരോഗ്യകരവുമായ നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. നവംബർ 26 വരെ നീണ്ടുനില്‍ക്കുന്ന ചലഞ്ചില്‍ എമിറേറ്റില്‍ ഉടനീളം വിവിധ പരിപാടികള്‍ നടക്കും.
30 ദിവസം 30 മിനിറ്റ് വ്യായാമെന്നതാണ് ഫിറ്റ്നസ് ചലഞ്ച് മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാന്‍ പ്രോത്സാഹനമാകുകയെന്നുളളതാണ് ഫിറ്റ്നസ് ചലഞ്ച് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായുളള ദുബായ് റൈഡ് നവംബർ 12 നും ദുബായ് റണ്‍ 26 നും നടക്കും. ഫിറ്റ്നസ് ചലഞ്ചിനായുളള രജിസ്ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു.
ഹെല്‍ത്ത് കെയർ പങ്കാളിയായി ആസ്റ്റർ
ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ ഇത്തവണയും ഔദ്യോഗിക ഹെല്‍ത്ത് കെയർ പങ്കാളിയായി ആസ്റ്റർ. മികച്ച ആരോഗ്യവും ആരോഗ്യകരമായ ജീവിതശൈലിയും വ്യക്തികളുടെയും സമൂഹത്തിന്‍റെയും പുരോഗതിക്കും സന്തോഷത്തിനും അനിവാര്യമാണെന്ന് ആസ്റ്റർ ഡി എം ഹെല്‍ത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പന്‍ പറഞ്ഞു. ഫിറ്റ്നസ് ചലഞ്ചിലെത്തുന്നവർക്കായി ഡിപി വേള്‍ഡ് കൈറ്റ് ബീച്ച് ഫിറ്റ്നസ് വില്ലേജില്‍ ഫിറ്റ്നസ് സെഷനുകളും ഇന്‍ററാക്ടീവ് ഗെയിമുകളുമായി ആസ്റ്റർ സമർപ്പിത ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരും ദുബായ് ഫിറ്റ് നസ് ചലഞ്ചില്‍ ഭാഗമാകും.