ദുബായ് എക്സ്പോ അടിവരയിട്ടു, അസാധ്യമായത് ഒന്നുമില്ല

ദുബായ് എക്സ്പോ അടിവരയിട്ടു, അസാധ്യമായത് ഒന്നുമില്ല
Published on

എക്സ്പോ 2020 നടത്താനുളള അവകാശം 2013ല്‍ ദുബായ് നേടിയെടുക്കുമ്പോള്‍ എക്സ്പോ വേദിയായ പ്രദേശം മരുഭൂമിയായിരുന്നു. ലോകത്തിന് ആതിഥ്യമരുളുവാന്‍ ആ നിമിഷം മുതല്‍ യുഎഇ തുടങ്ങിയ യാത്രയുടെ ശുഭപര്യവസാനമാണ് മാർച്ച് 31ന് നാം കണ്ടത്. ഒട്ടും എളുപ്പമായിരുന്നില്ല, ആ യാത്ര. ദുബായ് നഗത്തിന്‍റെ ഹൃദയഭാഗത്ത് നിന്ന് എക്സ്പോ വേദിയിലേക്കുളള യാത്ര തന്നെയായിരുന്നു ആദ്യ വെല്ലുവിളി. റൂട്ട് 2020 പ്രഖ്യാപിച്ച് ആ ആശങ്ക ഭരണനേതൃത്വം അസ്ഥാനത്താക്കി. ദുബായുടെ ഏത് ഭാഗത്ത് നിന്നും എക്സ്പോ വേദിയിലേക്ക് ആർക്കും അനായാസമായി എത്താന്‍ കഴിയുന്നതരത്തില്‍ നിലവിലുളള മെട്രോയെ ബന്ധിപ്പിച്ചുകൊണ്ട് എക്സ്പോ 2020 സ്റ്റേഷനിലേക്ക് മെട്രോ ഓടിത്തുടങ്ങിയത് 2021 ജൂണില്‍. അപ്പോഴേക്കും അവിടം മരുഭൂമിയില്‍ നിന്ന് എക്സ്പോ വേദിയായി മാറി കഴിഞ്ഞിരുന്നു.

2020 ഒക്ടോബർ ഒന്നിന് ആരംഭിക്കാനിരുന്ന മേള കോവിഡ് മഹാമാരിയില്‍ മാറ്റിവയ്ക്കപ്പെട്ടപ്പോള്‍ ഇനിയത് നടക്കുമോയെന്ന് ആശങ്കപ്പെട്ടവരുണ്ട്. എന്നാല്‍ അധികം വൈകാതെ തന്നെ യുഎഇ പ്രഖ്യാപിച്ചു. 2021 ഒക്ടോബർ ഒന്നിന് എക്സ്പോ 2020യ്ക്ക് കൊടി ഉയരും.

ഒന്നും അസാധ്യമല്ല, എക്സ്പോ 2020ലൂടെ ലോകത്തെ യുഎഇ സ്വാഗതം ചെയ്യുന്നു, ഷെയ്ഖ് മുഹമ്മദിന്‍റെ വാക്കുകള്‍. 2021 സെപ്റ്റംബർ 30ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണനേതൃത്വത്തെ സാക്ഷികളാക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ലോകത്തെ ദുബായിലേക്ക് ക്ഷണിച്ചു. പിന്നീടിങ്ങോട്ട് ലോകം കണ്ടത് അത്ഭുതകാഴ്ചകളുടെ അറിവിന്‍റെ ആഘോഷങ്ങളുടെ ആറുമാസക്കാലമായിരുന്നു. യുഎഇയുടെ ഏഴ് എമിറേറ്റുകളില്‍ നിന്നും എക്സ്പോ വേദിയിലേക്കെത്താന്‍ എക്സ്പോ റൈഡർ ബസുകളൊരുക്കി. തികച്ചും സൗജന്യമായാണ് സന്ദർശകരെ ഈ ദിവസങ്ങളില്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്ട് അതോറിറ്റി എക്സ്പോ വേദിയിലേക്ക് എത്തിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള ആയിരക്കണക്കിന് പേരാണ് എക്സ്പോയുടെ വളണ്ടിയർമാരായടക്കം പ്രവർത്തിച്ചത്.

മരൂഭൂവായിരുന്ന പ്രദേശത്തെ കൗതുകകാഴ്ചകളുടെ അത്ഭുതലോകമാക്കി മാറ്റിയ ഓരോരുത്തരുടേയും പേരുകള്‍ അതേ വേദിയിലെ തൂണുകളില്‍ എഴുതിചേർത്തുകൊണ്ട് ആദരവിന്‍റെ പുതിയ സംസ്കാരവും യുഎഇ ലോകത്തിന് കാണിച്ചുകൊടുത്തു. എക്സ്പോ വേദിയിലെത്തിയ ഓരോരുത്ത‍ക്കും പറയാനുണ്ടാകും അവർ മാത്രം കണ്ട കാഴ്ചകള്‍, അവർക്കുമാത്രം അനുഭവേദ്യമായ രുചികള്‍, അലിഞ്ഞുചേർന്ന സംഗീതസന്ധ്യകള്‍, ആവോളമാസ്വദിച്ച നൃത്തനൃത്യങ്ങള്‍. 50 വയസിന്‍റെ ചെറുപ്പത്തില്‍ ഒരു കൊച്ചുരാജ്യം ഇത്തരത്തിലൊരുമഹാമേളയ്ക്ക് ആതിഥ്യമരുളിയപ്പോള്‍ തിരുത്തിയെഴുതപ്പെട്ടത് മധ്യപൂർവ്വ ദേശത്തിന്‍റെ ചരിത്രം കൂടിയാണ്. സമാപനസമ്മേളത്തില്‍ ബിഐഇ മേധാവി പറഞ്ഞതുപോലെ ഈ മഹാമേളക്ക് ആതിഥ്യമരുളിയപ്പോള്‍ യുഎഇ പോലുളള രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളിലേക്കുളള വാതിലുകളാണ് യുഎഇ തുറന്നത്.

എണ്ണവിലയുടെ ഒഴുക്കിനൊപ്പമല്ല, കഠിനാധ്വാനത്തിന്‍റെ നിശ്ചയാദാർഢ്യത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ പാതയിലൂടെയാണ് ഈ രാജ്യത്തിന്‍റെ സഞ്ചാരം. എക്സ്പോ തുടങ്ങിയപ്പോള്‍ കോവിഡിന്‍റെ കരിനിഴലുണ്ടായിരുന്നു. ആളുകള്‍ എക്സ്പോയിലേക്ക് എത്തുമോ, തുടങ്ങി കുറച്ചുദിവസം കഴിയുമ്പോള്‍ അവസാനിപ്പിക്കേണ്ടിവരുമോ ഇത്തരത്തിലുളള ആശങ്കകള്‍ക്കിടയിലൂടെയാണ് ഒമിക്രോണും പടർന്നത്.

വലിയൊരുമേള, അവിടെ സാമൂഹിക അകലം ബോർഡുകള്‍ സ്ഥാപിച്ചു. ആളുകള്‍ക്ക് സാനിറ്റൈസർ വേദിയുടനീളം ലഭ്യമാക്കി. മാസ്ക് ധരിച്ച് കോവിഡ് നടപടി ക്രമങ്ങള്‍പാലിച്ച് എക്സ്പോയിലേക്ക് ആളുകളെത്തി. ഇതിനിടയില്‍ വെല്ലുവിളികളുണ്ടായിരുന്നു. ഒമിക്രോണില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലേക്ക് പോയപ്പോഴും പ്രതിരോധ നടപടികളെടുത്ത് എക്സ്പോ മുന്നോട്ട് നടന്നു. വാണിജ്യമേഖലയ്ക്കും സമ്പദ് മേഖലയ്ക്കും കരുത്ത് പകരാനും എക്സ്പോയ്ക്ക് കഴിഞ്ഞു. ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. എക്സ്പോയെ വലിയ വിജയമായതില്‍ ഇന്ത്യയില്‍ നിന്നുളളവർക്കും പ്രത്യേകിച്ചും മലയാളികള്‍ക്കും അഭിമാനിക്കാം

എക്സ്പോയുടെ സാരഥികള്‍ വേദിയില്‍ അവസാനമായി നടത്തിയ വാർത്താസമ്മേളത്തില്‍ മാധ്യമപ്രതിനിധികളുടെ ഒരു ചോദ്യം ഇതായിരുന്നു, എക്സ്പോയിലെ നിങ്ങളുടെ അവിസ്മരീയ നിമിഷം. അതിന് മറുപടിയായി അവരിലൊരാള്‍ പറഞ്ഞതിങ്ങനെ

എക്സ്പോയുടെ ഹൃദയമായ അല്‍ വാസല്‍ ഡോമില്‍ ഒരു പരിപാടി നടക്കുകയായിരുന്നു. അറബിക് ഭാഷയിലായിരുന്നു അത്. പക്ഷെ കാണാനെത്തിയത് വിവിധ ഭാഷകളിലും സംസ്കാരങ്ങളിലുമുളള ആയിരകണക്കിന് പേർ, അവർക്ക് പരിപാടികളുടെ ഉളളടക്കം മനസിലാകുന്നുണ്ടോയെന്ന് ഞാനൊരുനിമിഷം ശങ്കിച്ചു, എന്നാല്‍ എന്‍റെ ആശങ്ക അസ്ഥാനത്തായിരുന്നു. വികാരനിമിഷങ്ങളോടെ പരിപാടി അവസാനിച്ചപ്പോള്‍ കണ്ടുകൊണ്ടിരുന്നവരുടെ നിറഞ്ഞ കണ്ണുകള്‍ എനിക്ക് മനസിലാക്കിതന്നു, നമ്മുടെ കഠിനാധ്വാനം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു, എക്സ്പോയ്ക്ക് ഭാഷയില്ല, സംസ്കാരഭേദമില്ല,വ‍ർണവ‍ർഗരാജ്യഭേദമില്ല, ഇവിടെ ലോകം ഒന്നായി. അവർ പറഞ്ഞു.

യഥാർത്ഥത്തില്‍ ലോക ജനതയുടെ ചെറുപതിപ്പുതന്നയാണ് സമാപന സമ്മേളത്തിലും കണ്ടത്. വിവിധ രാജ്യങ്ങളുടെ സംഗമം. പുഞ്ചിരിക്കുന്ന മുഖത്തോടെ ഓരോരുത്തരും തങ്ങളുടേതായ അനുഭവങ്ങളെ ഹൃദയത്തില്‍ പതിപ്പിച്ച് എക്സ്പോയ്ക്ക് വിടചൊല്ലി. നാളേയിലേക്ക്, പുതിയ തുടക്കത്തിലേക്ക്.. ഇനി 2025ല്‍ ജപ്പാനിലെ ഒസാക്കയില്‍ കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in