ഗതാഗത നിയമലംഘനങ്ങള്‍: പിഴ വർദ്ധിപ്പിച്ച് ദുബായ്

ഗതാഗത നിയമലംഘനങ്ങള്‍: പിഴ വർദ്ധിപ്പിച്ച് ദുബായ്
Published on

ദുബായില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴ വർദ്ധിപ്പിച്ചു. ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതടക്കമുളള ഗുരുതര നിയമലംഘനങ്ങള്‍ക്ക് 50,000 ദിർഹം വരെയാണ് പിഴ. പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയടച്ചെങ്കില്‍ മാത്രമെ വിട്ടുകൊടുക്കുകയുളളൂ.

അതേസമയം, വിനോദ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ സാധാരണ റോഡില്‍ ഓടിക്കുക, ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുക, വ്യാജമായതോ അവ്യക്തമായതോ നിയമവിരുദ്ധമായതോ ആയ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുക, പോലീസ് വാഹനവുമായി ബോധപൂർവം കൂട്ടിയിടിക്കുകയോ മനഃപൂർവം കേടുവരുത്തുകയോ ചെയ്യുക, 18 വയസില്‍ താഴെയുളള കുട്ടികളെ കൊണ്ട് വാഹനമോടിക്കുക തുടങ്ങിയവ ഗുരുതരമായ നിയമലംഘനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50,000 ദിർഹം വരെയാണ് ഗുരുതര കുറ്റകൃത്യങ്ങള്‍ക്കുളള പിഴ.എന്നാല്‍ പോലീസിന്‍റെ മുൻകൂർ അനുമതിയില്ലാതെ റോഡ് റേസിൽ പങ്കെടുക്കുന്നടക്കമുളള ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് വാഹനം കണ്ടുകെട്ടുകയും 1,00,000 ദിർഹം പിഴ ഈടാക്കുകയും ചെയ്യും.

വേഗത വർദ്ധിപ്പിക്കുന്നതിനും ശബ്ദത്തിനുമായി വാഹനത്തില്‍ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തുക, പോലീസിനെ കബളിപ്പിക്കുക,ലൈസന്‍സില്ലാത്ത നമ്പർപ്ലേറ്റ് ഉപയോഗിക്കുക, വാഹനത്തിന്‍റെ ജനാലകൾക്ക് അനുവദനീയമായ ടിന്‍റ് ശതമാനം കൂടുകയോ അനുമതിയില്ലാതെ മുൻവശത്തെ വിൻഡ്‌ഷീൽഡിന് നിറം നൽകുകയോ ചെയ്യുകയെന്നിവയ്ക്കെല്ലാം 10,000 ദിർഹമാണ് പിഴ.

ഗതാഗത പിഴകള്‍ 6000 ദിർഹത്തിന് മുകളിലായാല്‍ വാഹനം കണ്ടുകെട്ടാന്‍ അധികൃതർക്ക് അധികാരമുണ്ട്. പിഴയടച്ചാല്‍ മാത്രമെ വാഹനം തിരികെ ലഭിക്കുകയുളളൂ. ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഴയില്‍ വർദ്ധനവ് വരുത്തുന്നത്. ഇതോടൊപ്പം തന്നെ ദുബായ് പോലീസിന്‍റെ നേതൃത്വത്തില്‍ ഡ്രൈവർമാർക്ക് ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in