ദുബായ് സമ്മ‍ർ സർപ്രൈസ് അവസാന ഘട്ടത്തിലേക്ക്, നാലിന് അവസാനിക്കും

ദുബായ് സമ്മ‍ർ സർപ്രൈസ് അവസാന ഘട്ടത്തിലേക്ക്, നാലിന് അവസാനിക്കും
Published on

ദുബായ് സമ്മർ സർപ്രൈസിന് ആഘോഷങ്ങളോടെ കൊടിയിറക്കാന്‍ ഫൈനല്‍ സെയിലിന് നാളെ തുടക്കം. ദുബായ് സമ്മർ സർപ്രൈസിന്‍റെ 25 മത് എഡിഷനാണ് സെപ്റ്റംബർ നാലോടെ അവസാനിക്കുന്നത്. തല്‍സമയ വിനോദങ്ങളും, കുടുംബങ്ങള്‍ക്കായുളള പ്രത്യേക ആനുകൂല്യങ്ങളും, ഹോട്ടല്‍ ഓഫറുകളുമെല്ലാമാണ് ഡിഎസ് എസിന്‍റെ പ്രധാന പ്രത്യേകതകള്‍. ഡിഎസ് എസിന്‍റെ ഭാഗമായി വസ്ത്രങ്ങള്‍ക്കും സൗന്ദര്യവർദ്ധക വസ്തുക്കള്‍ക്കുമുള്‍പ്പടെ വിവിധ സാധനങ്ങള്‍ക്ക് വിലക്കിഴിവുകളും വിവിധ മാളുകള്‍ നല്‍കാറുണ്ട്.

ദുബായ് മാള്‍, ദുബായ് ഹീല്‍സ് മാള്‍, ദുബായ് മറീന മാള്‍ എന്നിവിടങ്ങളിലാണ് ആഘോഷ പൂർവ്വമായ മൂന്ന് ദിന ഫൈനല്‍ സെയിലിന് തുടക്കമായിരിക്കുന്നത്. എല്ലാ വിഭാഗങ്ങളിലും 90 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 2 മുതല്‍ 4 വരെയാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. ഫാഷന്‍, സൗന്ദര്യം, വീട്ടുപകരണങ്ങള്‍ എന്ന് തുടങ്ങി വിവിധ മേഖലകളില്‍ ഇളവ് ലഭ്യമാകും.

മൂന്ന് മാളുകളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനുളള അവസാന അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 500 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങി മില്ല്യണയറാകാനുളള നറുക്കെടുപ്പിന്‍റെ ഭാഗമാകാം. സ്കൂളുകള്‍ തുറന്നതോടെ കുട്ടികള്‍ക്കായുളള വിവിധ പരിപാടികളില്‍ ഭാഗമാകാനുളള അവസാന അവസരവുമാണ് ഡിഎസ്എസ് മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രമുള്‍പ്പടെയുളള വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പ്രയോജനമാകുന്ന വർക്ക് ഷോപ്പുകളും ഡിഎസ് എസിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു.

സെപ്‌റ്റംബർ 2-ന് കൊക്കകോള അരീനയിൽ പിനോയ് പിയേസ്റ്റയ്‌ക്കൊപ്പം വിനോദ രാത്രി ഒരുക്കുന്നുണ്ട്. രാത്രി 7 മണിക്കാണ് പരിപാടി. ദുബായ് കലണ്ടർ, കൊക്കകോള-അരീന, പ്ലാറ്റിനംലിസ്റ്റ്, വിർജിൻ ടിക്കറ്റുകൾ, ബുക്ക് മൈ ഷോ എന്നിവയിൽ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്

ജോ കോയ്ക്കൊപ്പമുളള സായാഹ്നം സെപ്റ്റംബർ മൂന്നിന് രാത്രി 9 ന് കൊക്ക കോള അരീനയിലാണ്. ബുക്ക് മൈഷോയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

റോക്സി സിനിമാസില്‍ സിനിമകാണാനുളള അവസരവും ദുബായ് ഫ്രെയിം കാണാനുളള അവസരവുമെല്ലാം ഡിഎസ് എസ് മുന്നോട്ട് വയ്ക്കുന്നു. ലഗൂണ വാട്ടർപാർക്ക് ലേഡീസ് നൈറ്റ് തിരിച്ചെത്തുന്നതോടെ, സ്ത്രീകൾക്ക് രാത്രി 7 മുതൽ പുലർച്ചെ 12 വരെ ജലകേളികള്‍ പരിമിതികളില്ലാതെ ആസ്വദിക്കാം.കുട്ടികള്‍ക്ക് പെപ്പാ പെഗിനെ കാണാനും കളിക്കാനുമുളള അവസരവുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in