സന്തോഷ് ട്രോഫി കിരീടമണിഞ്ഞാല്‍ കേരളത്തിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

സന്തോഷ് ട്രോഫി കിരീടമണിഞ്ഞാല്‍ കേരളത്തിന് ഒരു കോടി രൂപ  സമ്മാനം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
Published on

സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയാൽ കേരള ടീമിനെ കാത്തിരിക്കുന്നത് ഒരു കോടി രൂപ സമ്മാനം. കിരീടം നേടിയാല്‍ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ .ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

കേരളാ - ബംഗാൾ ഫൈനലിന് മണിക്കൂകൾ മാത്രം ശേഷിക്കേയാണ് ആരാധകർക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ. ഷംഷീർ വയലിലിൻ്റെ സർപ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്. ടീമിൻ്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തൻ്റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു. മലയാളിയെന്ന നിലയിൽ കേരള ടീം ഫൈനലിൽ എത്തിയതിൽ അഭിമാനമുണ്ടെന്നും സംസ്ഥാന ഫുട്ബോൾ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. കേരളം വിജയികളായാൽ കിരീടദാന ചടങ്ങിൽ തന്നെ സമ്മാനത്തുക കൈമാറും.

കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി നിരവധി സംരംഭങ്ങളുടെ ഉടമയായ ഡോ.ഷംഷീർ വയലിൽ കായിക മേഖലയുടെ പ്രോത്സാഹനത്തിനായി നേരത്തെയും വിവിധ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in