ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ദുബായ്. ഒക്ടോബർ 25 മുതല്‍ നവംബർ 7 വരെയാണ് ദുബായില്‍ ദീപാവലി ആഘോഷം നടക്കുക. ദുബായ് ഫെസ്റ്റിവല്‍ ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റും, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായ് ഹോള്‍ഡിങ്സും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ ലഭ്യമാക്കും. റാഫിളുകളും മെഗാസമ്മാനങ്ങളും ഇതോടനുബന്ധിച്ച് നല്കും. ഇത് കൂടാതെ തത്സമയ കലാ സാംസ്കാരിക പരിപാടികളും പ്രത്യേക വെടിക്കെട്ടും എമിറേറ്റിലുടനീളം നടക്കും.
ഡിഎഫ്ആർഇയുമായി സഹകരിച്ച് ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ സതീഷ് കുമാർ ശിവന്‍ പറഞ്ഞു. വിളക്കുകളുടെ ഉത്സവം, നൂർ ഒക്ടോബർ 25 മുതല്‍ 27 വരെ അല്‍ സീഫിലാണ് നടക്കുക. ഈ വർഷത്തെ ആഘോഷങ്ങൾ എല്ലാവർക്കും അവിസ്മരണീയമായ ഒരു ദീപാവലി അനുഭവമായിരിക്കും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആഘോഷവേളയാണിതെന്ന് ഡിഎഫ്ആർഇ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഫെറാസ് പറഞ്ഞു. ലോകത്തെ ദുബായിലേക്ക് ക്ഷണിക്കുകയാണ്. ദുബായ് നഗരത്തിന്‍റെ സംസ്കാര വൈവിധ്യം ആസ്വദിക്കാനുളള അവസരം കൂടിയാണിത്. എല്ലാവരുടെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഈ ആഘോഷവേളയില്‍ ദുബായിലേക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരിമരുന്ന് പ്രയോഗം
അല്‍ സീഫില്‍ പ്രത്യേക കരിമരുന്ന് പ്രയോഗം നടക്കും. ഒക്ടോബർ 25 ന് രാത്രി 9 മണിക്കാണ് കരിമരുന്ന് പ്രകടനം നടക്കുക. ഗ്ലോബല്‍ വില്ലേജില്‍ 25, 26 തിയതികളിലും നവംബർ 1,2 തിയതികളും കരിമരുന്ന് പ്രകടനമുണ്ടാകും.
കലാസാംസ്കാരിക പരിപാടികള്‍
ഹാസ്യകലാകാരൻ രമേഷ് രംഗനാഥൻ 25നു രാത്രി കോക്കകോള അരീനയിൽ സ്റ്റാൻഡ് അപ് കോമഡി അവതരിപ്പിക്കും.26നു ഇന്ത്യൻ ഹൈസ്കൂൾ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് സംഗീത പരിപാടി. ജഗ്ജിത് സിങ്ങിന് ആദരമേകി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നത്തിൽ തൗസീഫ് അക്തർ പാട്ടുകൾ പാടും.
സംഗീത, നാടക, നൃത്ത പരിപാടി മീര’ 26ന് രാത്രി 7.30ന് ജുമൈറ പാർക്കിലെ ദുബായ് ബ്രിട്ടിഷ് സ്കൂളിൽ നടക്കും. 26ന് വൈകിട്ട് 4 മുതൽ രാത്രി 11വരെ ഇത്തിസലാത്ത് അക്കാദമിയിൽ ഇന്ത്യൻ കുടുംബ സംഗമത്തിനായി വേദി ഒരുക്കും. നവംബർ 8ന് സബീല്‍ തിയറ്ററില്‍ അശ്വിന്‍ ഗിഡ്വാനിസ് ബാർഫ് പ്രദർശിപ്പിക്കും.
സ്വർണവും മെഗാസമ്മാനങ്ങളും
ദീപാവി ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് 20 മുതൽ നവംബർ 7വരെ സ്വർണാഭരണങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നല്‍കും. തിരഞ്ഞെടുത്ത വജ്രാഭരണങ്ങൾക്ക് 50% വരെ വിലക്കിഴിവുണ്ടാകും. പണിക്കൂലിയിലും ഇളവുകളുണ്ട്. 500 ദിർഹത്തിന് മുകളിൽ ചെലവഴിക്കുന്ന 30 ഭാഗ്യശാലികൾക്ക് 1.5 ലക്ഷം ദിർഹത്തിന്‍റെ സമ്മാന കൂപ്പണുകൾ ലഭിക്കും.
ദമാസ് 3000 ദിർഹത്തിനും 4999 ദിർഹത്തിനും ഇടയില്‍ വാങ്ങുന്നവർക്ക് 0.5 ഗ്രാം സ്വർണം സമ്മാനമായി നല്‍കും. 5000 ദിർഹത്തിന് മുകളില്‍ വാങ്ങുന്നവർക്ക് 1 ഗ്രാം നല്‍കും.
ദുബായ് ഷോപ്പിങ് മാൾ ഗ്രൂപ്പ് ഒരുലക്ഷം ദിർഹം വില വരുന്ന സ്വർണ സമ്മാനമാണ് പ്രഖ്യാപിച്ചത്. 21 മുതൽ നവംബർ 7 വരെ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് 20 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. 200 ദിർഹത്തിന്‍റെ സാധനങ്ങൾ വാങ്ങുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
ദെയ്റ സിറ്റി സെന്‍ററില്‍ നിന്ന് 300 ദിർഹത്തിൽ കുറയാതെ സാധനങ്ങൾ വാങ്ങുന്നവർക്ക് അരക്കിലോ സ്വർണം സമ്മാനമായി നേടാം.
29ന് ധൻതെരാസ് ആഘോഷത്തിന്റെ ഭാഗമായി സിറ്റി സെന്ററിലെ സ്വർണക്കടകളിൽ 5% കാഷ് ബാക്ക് ഓഫറും ലഭിക്കും. ഗ്ലോബൽ വില്ലേജിൽ 28 മുതൽ നവംബർ 3വരെ ദീപാവലി ആഘോഷങ്ങൾ നടക്കും.
ലുലു ഹൈപ്പർമാർക്കറ്റിലും ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളും പ്രൊമോഷനുകളും ഒരുക്കിയിട്ടുണ്ട്.ഖിസൈസ് ലുലുവല്‍ ഒക്ടോബർ 24 മുതല്‍ നവംബർ 2 വരെ ദിവാലി മേളയൊരുക്കും. ബുർജ്മാന്‍ മാളില്‍ ഭാഗ്യശാലികളായ 10 പേർക്ക് ഹോം ബോക്സ് നല‍്കുന്ന 75,000 ദിർഹത്തിന് തുല്യമായ സമ്മാനം ലഭിക്കും. 250 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങുന്നവർക്കാണ് അവസരം. നവംബർ 3 വരെയാണ് പ്രൊമോഷന്‍. ഇത് കൂടാതെ വിവിധ വർക്ക് ഷോപ്പുകളും തിയറ്റർ ഷോകളും കലാപ്രകടനങ്ങളും ബുർജുമാന്‍ മാളില്‍ സജ്ജമാക്കിയിട്ടുണ്ട്.