മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിംഗ്സ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) വിജയകരമായി ലിസ്റ്റ് ചെയ്തു. എഡിഎക്‌സിൽ നടന്ന ചടങ്ങിൽ തിങ്കളാഴ്ച രാവിലെ ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ, എഡിഎക്സ് ചെയർമാൻ ഹിഷാം ഖാലിദ് മാലക്ക് എന്നിവർ വ്യാപാരത്തിന് തുടക്കമിട്ടുകൊണ്ട് ബെൽ റിംഗ് ചെയ്തു.
ആദ്യ മണിക്കൂറിൽ തന്നെ ബുർജീൽ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 2 ദിർഹമായിരുന്നു ലിസ്റ്റ് ചെയുമ്പോൾ ഒരു ഓഹരിയുടെ മൂല്യം. വ്യാപാരം തുടങ്ങിയത് 2.31 ദിർഹത്തിൽ. ഇത് ആദ്യ മണിക്കൂറിൽ 2.40 വരെ ഉയർന്നു. 'ബുർജീൽ' ചിഹ്നത്തിന് കീഴിൽ ഇന്‍റർനാഷണല്‍ സെക്യൂരിറ്റീസ് ഐഡന്‍റിഫിക്കേഷന്‍ നമ്പർ എഇഇ 01119B224 ലാണ് ബുർജീൽ ഹോൾഡിംഗ്സ് വ്യാപാരം തുടങ്ങിയത്.
ബുർജീൽ ഹോൾഡിംഗ്സിനെ എഡിഎക്സ് പ്ലാറ്റ്‌ഫോമിലേക്ക് സ്വാഗതം ചെയ്യുന്നതായും വിജയകരമായ ഐപിഒയ്ക്ക് കമ്പനിയെ അഭിനന്ദിക്കുന്നതായും ചടങ്ങിൽ സംസാരിച്ച എഡിഎക്സ് ചെയർമാൻ ഹിഷാം ഖാലിദ് മാലക് പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതിബദ്ധതയുമുള്ള സംരംഭകർക്കും കമ്പനികൾക്കും ലിസ്റ്റ് ചെയ്യപ്പെട്ട മുൻനിര കമ്പനികളായി എങ്ങനെ ഉയരാം എന്നതിന്റെ ഉദാഹരണമാണ് ബുർജീൽ ഹോൾഡിങ്സെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബുർജീൽ ഹോൾഡിംഗ്സിന്‍റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അബുദാബിയിൽ തന്നെ കമ്പനി ലിസ്റ്റ് ചെയ്യാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു.
ബുർജീൽ ഹോൾഡിംഗ്സിന്‍റെ 11% ഓഹരികളാണ് പ്രാരംഭ പബ്ലിക് ഓഫറിലൂടെ (ഐപിഒ) ലഭ്യമാക്കിയത്. ഇതിലൂടെ കമ്പനി സമാഹരിച്ചത് 1.1 ബില്യൺ ദിർഹമായിരുന്നു. ഐപിഒയ്ക്കുള്ള ആകെ ഡിമാൻഡ് 32 ബില്യൺ ദിർഹത്തിലധികമായിരുന്നു, 29 മടങ്ങ് അധിക സബ്സ്‌ക്രിപ്ഷൻ. നിലവിൽ എഡിഎക്‌സിൽ വ്യാപാരം നടത്തുന്ന ഏറ്റവും വലിയ ഹെൽത്ത്കെയർ കമ്പനിയാണ് ബുർജീൽ ഹോൾഡിംഗ്സ്.