ഐപിഒയ്ക്ക് ഒരുങ്ങി ബുർജീല്‍ ഹോള്‍ഡിംഗ്സ്, യുഎഇയിലെ ആദ്യ സ്വകാര്യകമ്പനി ലിസ്റ്റിംഗ്

ഐപിഒയ്ക്ക് ഒരുങ്ങി ബുർജീല്‍ ഹോള്‍ഡിംഗ്സ്, യുഎഇയിലെ ആദ്യ സ്വകാര്യകമ്പനി ലിസ്റ്റിംഗ്
Published on

അബുദബി സെക്യൂരിറ്റി എക്സ്ചേഞ്ച് പ്രധാന വിപണിയില്‍ 11 ശതമാനം ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ ഷംഷീർ വയലിലിന്‍റെ ബുർജീല്‍ ഹോള്‍ഡിംഗ്സ്. മിഡില്‍ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായ ബുർജീല്‍ ഹോള്‍ഡിംഗ്സിന്‍റെ ഭാഗമാകാനുളള അവസരം നിക്ഷേപകർക്ക് നല്‍കികൊണ്ടാണ് കമ്പനിയുടെ ലിസ്റ്റിംഗ്. സെപ്റ്റംബർ 30 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച വരെയാണ് ഓഹരികൾക്ക് അപേക്ഷിക്കാനുള്ള കാലയളവ്. ഒക്ടോബർ 10 തിങ്കളാഴ്ചയാണ് കമ്പനി എഡിഎക്‌സിൽ ലിസ്റ്റ് ചെയ്യുക

200,397,665 പുതിയ ഓഹരികളും വിപിഎസ് ഹെൽത്ത്‌കെയറിന്‍റെ ഉടമസ്ഥതയിലുള്ള 350,331,555 ഓഹരികളുമാണ് നിക്ഷേപകർക്കായി ലഭ്യമാക്കുക. കമ്പനി പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം ഓഫർ ചെയ്ത മൊത്തം ഓഹരികളിൽ ആദ്യ വിഹിതത്തിൽ 10 ശതമാനം രണ്ടാം വിഹിതത്തിൽ 90 ശതമാനം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനും ക്ലിനിക്കൽ മികവ് പുലർത്താനുമുള്ള ദീർഘകാല കാഴ്ച്ചപ്പാടുകളാണ് കഴിഞ്ഞ 15 വർഷത്തെ കമ്പനിയുടെ വളർച്ചയ്ക്ക് അടിസ്ഥാനം. ഇന്‍റർനാഷണല്‍ ഹോൾഡിംഗ് കമ്പനിയുമായുള്ള (ഐഎച്ച്സി) പങ്കാളിത്തത്തിനു പിന്നാലെയുള്ള പ്രഖ്യാപനം പുതിയ കഴിവുകൾ, മൂലധനം, പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ ബുർജീൽ ഹോൾഡിംഗ്‌സിന് പരിവർത്തനത്തിൽ സ്വാധീനം ചെലുത്തുമെന്നും ഡോ ഷംഷീർ പറഞ്ഞു.

40 മുതൽ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്‍റെ അടിസ്ഥാനത്തിൽ 2023 മുതൽ ലാഭ വിഹിതം നൽകാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2023 ന്‍റെ ആദ്യ പകുതിയിലെ അറ്റാദായത്തിന്‍റെ അടിസ്ഥാനത്തിൽ 2023 ന്‍റെ രണ്ടാം പകുതിയിൽ ആദ്യ ഇടക്കാല ലാഭവിഹിതം നൽകും.യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്‍റർനാഷണല്‍ ഹോൾഡിംഗ് കമ്പനി അടുത്തിടെ ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15 ശതമാനം ഓഹരികൾ ഏറ്റെടുത്തിടുന്നു. സൗദി അറേബ്യയിൽ 2030-ഓടെ ഒരു ബില്യൺ ഡോളർ വരെ നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി സൗദി നിക്ഷേപ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. യുഎഇയിലും ഒമാനിലും നിരവധി ആരോഗ്യ സ്ഥാപനങ്ങളാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ളത്. ബുര്‍ജീല്‍, മെഡിയോര്‍, എല്‍എല്‍എച്ച്, ലൈഫ്കെയര്‍, തജ്മീല്‍ ബ്രാന്‍ഡുകളിലൂടെ സമഗ്ര ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള ശൃംഖലയാണ് ഇത്. ഡോ. ഷംഷീർ 2007ൽ സ്ഥാപിച്ച ഗ്രൂപ്പിന് കീഴിൽ 16 ആശുപത്രികൾ, 23 മെഡിക്കൽ സെന്‍ററുകള്‍ ,15 ഫാർമസികൾ, അനുബന്ധ സേവനങ്ങൾക്കായുള്ള 7 സ്ഥാപനങ്ങൾ എന്നിവയാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in